പരവൂര്‍ മത്സരക്കമ്പത്തിന് അനുമതി: പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ കലക്ടറെയും മറ്റും വേട്ടയാടുന്നു

കൊല്ലം > പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ മത്സരക്കമ്പത്തിന് അനുമതിക്ക് സമ്മര്‍ദം ചെലുത്തിയ മന്ത്രിമാരും മറ്റ് ഉന്നതരും റവന്യൂ–പൊലീസ് ഏറ്റുമുട്ടല്‍ മറയാക്കി തടിയൂരുന്നു. മന്ത്രി ഷിബു ബേബിജോണ്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനും മുന്‍ എംപിയുമായ എന്‍ പീതാംബരക്കുറുപ്പ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി തുടങ്ങിയവര്‍ വെടിക്കെട്ട് നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ കലക്ടര്‍ക്കും എഡിഎമ്മിനും മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതോടെ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ സത്യസന്ധമായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന കലക്ടറെയും മറ്റും വേട്ടയാടുകയാണ്. മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ കലക്ടര്‍ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തി. അതേസമയം, കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ മന്ത്രിസഭയ്ക്കായില്ല.
കൊല്ലം കലക്ടറെയും എഡിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ആസൂത്രിതനീക്കം. വീഴ്ച വരുത്തിയ സിറ്റി പൊലീസ് കമീഷണറുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകാത്ത അന്വേഷണസംഘം കലക്ടര്‍ എ ഷൈനമോളെയും എഡിഎം എസ് ഷാനവാസിനെയും ചോദ്യംചെയ്യാന്‍ നീക്കം തുടങ്ങി. ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ കലക്ടര്‍ക്കെതിരെ മന്ത്രിമാര്‍ വിമര്‍ശനം ഉയര്‍ത്തിയതിനുപിന്നാലെയാണ് ക്രൈംബ്രാഞ്ച് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്. ദുരന്തത്തെ തുടര്‍ന്ന് കൊല്ലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ കലക്ടറെ അഭിനന്ദിച്ച ഷിബു ബേബിജോണ്‍ ബുധനാഴ്ച കലക്ടര്‍ക്കെതിരെ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ടുമാത്രമാണ് കലക്ടര്‍ സ്ഥാനത്ത് തുടരുന്നതെന്നുവരെ മന്ത്രിമാര്‍ പറഞ്ഞു.

പൊലീസ് ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്ന് കലക്ടര്‍ സര്‍ക്കാരിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഈ മാസം എട്ടിനാണ് മൂന്ന് പേജ് ഉത്തരവ് എഡിഎം പുറപ്പെടുവിച്ചത്. മത്സരക്കമ്പം നടത്താനാണ് ഉദ്ദേശ്യമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ 2008ലെ സ്ഫോടകവസ്തു നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. വില്ലേജ് ഓഫീസര്‍ മുഖേന ഈ ഉത്തരവ് ക്ഷേത്രം മാനേജിങ് കമ്മിറ്റി സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപിള്ളയ്ക്ക് കൈമാറി. നിയമലംഘനം നടത്തുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി നിരീക്ഷിക്കണമെന്നും നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. കൊല്ലം തഹസില്‍ദാര്‍ സ്ഥലത്ത് ഉണ്ടാകണമെന്നും നിയമലംഘനം നടത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. ഇതനുസരിച്ച് തഹസില്‍ദാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നതായാണ് വിവരം.

കമീഷണര്‍ ഏപ്രില്‍ ആറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കമ്പത്തിന് അനുമതി നല്‍കരുതെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഉന്നത ഇടപെടലിനെ തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞ് അനുമതി നല്‍കാമെന്ന് റിപ്പോര്‍ട്ട് നല്‍കി. കലക്ടര്‍ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കമീഷണറുടെ മലക്കംമറിച്ചില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കമീഷണറോട് കലക്ടര്‍ വിശദീകരണം ചോദിച്ചെങ്കിലും മറുപടി നല്‍കിയിട്ടില്ല. വിശദീകരണം നല്‍കരുതെന്ന് ഡിജിപി ടി പി സെന്‍കുമാര്‍ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. കലക്ടറുടെ നിലപാട് ചോദ്യംചെയ്ത് പരസ്യപ്രതികരണം നടത്തരുതെന്നും ഡിജിപി നിര്‍ദേശിച്ചു.
കൊലക്കുറ്റത്തിന് കേസെടുക്കാത്തതെന്തെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചു. എന്നാല്‍, അക്കാര്യം തീരുമാനിച്ചിട്ടേയില്ലെന്നാണ് ക്രൈബ്രാഞ്ച് ഉന്നതര്‍ പറയുന്നത്. അതിനിടെ ഹൈക്കോടതി ആവശ്യപ്പെട്ടതിനാല്‍ അന്വേഷണം സിബിഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും
