പന്നിയാർ പുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തി

രാജാക്കാട്: പൂപ്പാറയിൽ പന്നിയാർ പുഴയിൽ തുണികഴുകാൻ പോയതിന് ശേഷം കാണാതായ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തി. പൂപ്പാറ ടൗൺ കോളനി നിവാസിനിയും ചിന്നകന്നാൽ ഫാത്തിമ മാതാ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അംഗനേശ്വരിയെയാണ് (16) മരിച്ചത്.
മാതാപിതാക്കൾ മരണപ്പെട്ടതിനെത്തുടർന്ന് ബന്ധുവീട്ടിൽ താമസിക്കുകയായിരുന്ന പെൺകുട്ടി ഏപ്രിൽ 12 നാണ് വീടിന് അടുത്തുള്ള പന്നിയാർ പുഴയിൽ തുണികഴുകുവാൻ പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല.

തുടർന്ന് ശാന്തൻപാറ പൊലീസിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തവെ പുഴക്കരയിൽ നിന്ന് ബക്കറ്റും തുണികളും കണ്ടെത്തിയിരുന്നു. ആനയിറങ്കൽ ജലാശയം തുറന്ന് വിട്ടിരുന്നതിനാൽ ആ സമയം പുഴയിൽ നീരൊഴുക്ക് ശക്തമായിരുന്നു. വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടതാകാം എന്ന സംശയത്തെ തുടർന്ന് ആനയിറങ്കൽ അണക്കെട്ടിന്റെ ഷട്ടറുകൾ അടപ്പിച്ച് കിലോമീറ്ററുകളോളം പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനം ലഭിച്ചിരുന്നില്ല.

ഒഴുക്കിൽപ്പെട്ടതിന്റെ സൂചനകൾ ഒന്നും തന്നെ ലഭിക്കാതിരുന്നതിനാൽ പൊലീസ് അന്വേഷണം കൂട്ടുകാരിലേക്കും ബന്ധുക്കളിലെക്കും വ്യാപിപ്പിച്ചു. എന്നാൽ തിരോധാനം സംബന്ധിച്ച് യാതൊരു തെളിവും ലഭിക്കാതിരുന്നത് പൊലീസിനെയും വലച്ചു.

അന്വേഷണം പ്രതിസന്ധിയിലാകുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് ബക്കറ്റും തുണികളും കണ്ടെത്തിയ ഭാഗത്ത് നിന്ന് ഒരു കിലോമിറ്റർ താഴെയായി തോട്ടം തൊഴിലാളികളാണ് മൃദദേഹം പൊങ്ങിയത് കണ്ടെത്തിയത്. തുടർന്ന് ശാന്തൻപാറ പൊലീസ് എത്തി മേൽനടപടികൾ സ്വികരിച്ചു.
വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ കാൽവഴുതി വെള്ളത്തിൽ വീണതാകാം എന്നാണ് നിഗമനം. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണത്തിൽ ദുരൂഹതകൾ ഒന്നുമില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
