പനി തടയാന്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: പനി തടയാന്‍ 27 മുതല്‍ മൂന്ന് ദിവസങ്ങളില്‍ വാര്‍ഡു തലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കൂടാതെ ഈ മാസം 23ന് ജില്ലാതലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. അന്നേ ദിവസം മൂന്നിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പകര്‍ച്ചപ്പനി തടയാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ പ്രവര്‍ത്തകരും സാംസ്ക്കാരിക നായകരുമെല്ലാം മുന്നിട്ടിറങ്ങണം. പനി പകര്‍ത്തുന്ന കൊതുകുകളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ വീടുകളൊക്കെ മിക്കവാറും വൃത്തിയാക്കി സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പനി ബാധിത മേഖലകളെ തീവ്രത അനുസരിച്ച് മൂന്നായി തിരിച്ചാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളില്‍ പ്രത്യേക പരിപാടികള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലപ്രദമായി നടപ്പാക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പനി ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെ സജ്ജമാക്കും. ഇത് കൂടാതെ ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികളുടെയും സേവനം തേടും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന മുറികളുണ്ടെങ്കില്‍ പ്രത്യേക പനി വാര്‍ഡായി ഇവയെ ഉപയോഗിക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്ക് മൊബൈല്‍ ആരോഗ്യക്ലിനിക്കുകളുടെ സേവനം ഉപയോഗിക്കും. ഇതിലേക്കായി ആവശ്യമെങ്കില്‍ നഴ്സുമാരെയും മറ്റും താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

