പതങ്കയം ചെറുകിട ജലവൈദ്യുതപദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു

താമരശ്ശേരി: പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാന്‍ കഴിയുന്ന വൈദ്യുതപദ്ധതികള്‍പോലും അനാവശ്യ വിവാദങ്ങളുയര്‍ത്തിക്കൊണ്ടുവന്ന് തടസ്സപ്പെടുത്തുന്ന സ്ഥിതിയാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച കോടഞ്ചേരി പതങ്കയം ചെറുകിട ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്‍കിട പദ്ധതികളെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതിയുടെ ആവശ്യം ദിവസേന വര്‍ധിച്ചുവരികയാണ്. ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമേ ഇവിടെ ഉദ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ബാക്കി അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുകയാണ്. ചെറുകിട ജലവൈദ്യുതപദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

വൈദ്യുതോത്പാദന രംഗത്ത് സ്വകാര്യ സംരഭകരെയും കെ.എസ്.ഇ.ബി.യോടൊപ്പം പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. സുതാര്യമായ നടപടികളിലൂടെയാണ് സ്വകാര്യസംരഭകരെ സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്നത്. 30 വര്‍ഷത്തേക്ക് ബി.ഒ.ടി. വ്യവസ്ഥയിലാണ് പദ്ധതി നടപ്പാക്കുക.

മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആനക്കാംപൊയില്‍ ചെറുകിട ജലവൈദ്യുതപദ്ധതിക്ക് വൈദ്യുതിമന്ത്രി എം.എം. മണി ശിലാസ്ഥാപനം നടത്തി. എം.ഐ. ഷാനവാസ് എം.പി., മുന്‍മന്ത്രി പി.കെ.കെ. ബാവ, കെ.എസ്.ഇ.ബി. ഡയറക്ടര്‍ പി. വിജയകുമാരി, കെ.എം. ധരേശന്‍ ഉണ്ണിത്താന്‍, തന്‍മൈദാസ്, മിനാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി. അലവി ഹാജി, മാനേജിങ് ഡയരക്ടര്‍ എ. മുഹമ്മദ് ഷാഫി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അന്നക്കുട്ടി ദേവസ്യ, പി.ടി അഗസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം അന്നമ്മ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ ജോസ്, പ്രോജക്‌ട് കോ-ഓര്‍ഡിനേറ്റര്‍ വി.പി. ഷാഹുല്‍ഹമീദ്, ഡോ. മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

