KOYILANDY DIARY.COM

The Perfect News Portal

പകര്‍ച്ചപ്പനിക്ക് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച്‌ ഐ.എം.എ.

കോഴിക്കോട്: പകര്‍ച്ചപ്പനിക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്ത്. പനിപടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ തടയാനും പനിമരണം ഇല്ലാതാക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനുമുള്ള സഹായമാണ് ഐ.എം.എ. വാഗ്ദാനം ചെയ്യുന്നത്.

ജില്ലയിലുള്ള എല്ലാ പ്രൈവറ്റ് ആസ്​പത്രികളിലും പ്രൈവറ്റ് മെഡിക്കല്‍ കോേളജുകളിലും ദിവസേന രണ്ട് മണിക്കൂര്‍ സൗജന്യ പനി ക്ലിനിക്കുകള്‍ നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി. പ്രദീപ് കുമാര്‍ അറിയിച്ചു. കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലുള്ള ഹൗസ് സര്‍ജന്മാരുടെ സേവനം ഡി.എം.ഒ. ആവശ്യപ്പെടുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആസ്​പത്രികളിലും ലഭ്യമാക്കും.

ജില്ലയിലെ ഐ.എം.എ. ബ്രാഞ്ചുകളുടെ സമീപമുള്ള തിരക്കുള്ള ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആസ്​പത്രികളിലും ഐ.എം.എ. ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ സൗജന്യ സേവനം നല്‍കും. ഒമ്ബതു ബ്രാഞ്ചുകളും അതത് പരിസരത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ പനിയെയും മഴക്കാലരോഗങ്ങളെയും കുറിച്ചുള്ള ബോധവത്കരണ പരിപാടികളും ലഘുലേഖവിതരണവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

ഡെങ്കിപ്പനി പടര്‍ത്തുന്നത് കൊതുകാണെന്നും വൈറസ് മൂലമുണ്ടാവുന്ന രോഗമാണെന്നുമുള്ള സത്യം മറച്ചുെവച്ച്‌ ജനങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വ്യാജപ്രതിരോധ മരുന്നുകളുമായി കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന അശാസ്ത്രീയ ചികിത്സകര്‍ക്കെതിരെ നിയമനടപടികള്‍ കൈക്കൊള്ളും. ജനങ്ങള്‍ വ്യാജപരസ്യങ്ങളില്‍ വഞ്ചിതരാവരുതെന്നും ഐ.എം.എ. ജില്ലാഘടകം അറിയിച്ചു. പത്രസമ്മേളനത്തില്‍ ഡോ. അജിത് ഭാസ്കര്‍, ഡോ. അജിത എന്നിവരും പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *