KOYILANDY DIARY

The Perfect News Portal

വാഹനാപടകം: ബെംഗളൂരുവില്‍ മലയാളിവിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥന്‍ നായരുടെ മകള്‍ ശ്രുതി ഗോപിനാഥന്‍ നായര്‍(24), ആന്ധ്രാപ്രദേശ് സ്വദേശിനി അര്‍ഷിയ കുമാരി(24), ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവ(24) എന്നിവരാണ് മരിച്ചത്.

മരിച്ച മൂന്നുപേരും ബെംഗളൂരുവിലെ അലൈന്‍സ് സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥിനികളാണ്. ഇവരുടെ സഹപാഠികളായ പവിത്ര(23), പ്രവീണ്‍(24) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെംഗളൂരു നൈസ് റോഡില്‍ ഹൂളിമാവില്‍ വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രവീണായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ബെന്നാര്‍ഗട്ടയില്‍ നിന്നും സഹപാഠികളെ കാറില്‍ കയറ്റിയ ശേഷം അലൈന്‍സ് സര്‍വകലാശാലയിലേക്ക് പോകുംവഴിയായിരുന്നു അപകടം. കാര്‍ ഓടിച്ചിരുന്ന പ്രവീണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ എടുക്കുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ടത്. തുടര്‍ന്ന് കാര്‍ അമിതവേഗത്തില്‍ പായുകയും പലതവണ തലകീഴായി മറിഞ്ഞ് മതിലില്‍ ഇടിച്ചാണ് നിന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. എംബിഎ വിദ്യാര്‍ത്ഥിയായ പ്രവീണ്‍ ബെംഗളൂരുവില്‍ നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്.

Advertisements

ഹൂളിമാവ് പോലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഉടന്‍തന്നെ അഞ്ചുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശ്രുതി, അര്‍ഷിയ, ഹര്‍ഷ എന്നിവര്‍ ആശുപത്രിയിലെത്തും മുന്‍പ് തന്നെ മരണപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തില്‍ ഹൂളിമാവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശികളായ വി ഗോപിനാഥന്‍ നായരുടെയും ഷീലയുടെയും മകളാണ് അപകടത്തില്‍ മരണപ്പെട്ട ശ്രുതി ഗോപിനാഥന്‍ നായര്‍. വിശാഖപട്ടണത്തെ സെന്റ് ജോസഫ് വിമന്‍സ് കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ശ്രുതി ബെംഗളൂരുവിലെ അലൈന്‍സ് സര്‍വകലാശാലയില്‍ എംബിഎയ്ക്ക് ചേര്‍ന്നത്. ഏക സഹോദരി സൗമ്യ ഗോപിനാഥന്‍ നായര്‍ ബെംഗളൂരു ധനലക്ഷ്മി ബാങ്കില്‍ ജോലി ചെയ്യുന്നു.

അപകടത്തില്‍ മരണപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിനി ഹര്‍ഷ ശ്രീവാസ്തവയുടെ പിതാവ് അഭയകുമാര്‍ സിന്‍ഹ തിരുവനന്തപുരത്ത് ഐഎസ്‌ആര്‍ഒ എയ്റോ സ്പേസ് വിഭാഗത്തിലെ ശാസ്ത്രജ്ഞനാണ്. ഇദ്ദേഹത്തിന്റെ ഭാര്യയും ഐഎസ്‌ആര്‍ഒയിലാണ് ജോലി ചെയ്യുന്നത്. മലയാളിയായ ശ്രുതിയുടെ മൃതദേഹം കഴിഞ്ഞദിവസം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ തൃശൂരിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച പാറമേക്കാവ് ശാന്തിഘട്ടിലാണ് ശ്രുതിയുടെ സംസ്കാര ചടങ്ങുകള്‍.

ബെംഗളൂരു കെഎംസിസി, കേരളസമാജം പ്രവര്‍ത്തകരാണ് ആശുപത്രി നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ആന്ധ്രാ പ്രദേശ് സ്വദേശിനിയുടെയും ജാര്‍ഖണ്ഡ് സ്വദേശിനിയുടെയും മൃതദേഹങ്ങളും കഴിഞ്ഞദിവസം തന്നെ സ്വദേശത്തേക്ക് കൊണ്ടുപോയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *