നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാം: സുപ്രീംകോടതി

ഡല്‍ഹി> നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നീക്കി. നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി നീറ്റ് ഹര്‍ജികള്‍ കീഴ്കോടതികള് പരിഗണിക്കുന്നതും വിലക്കി. ഫലം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് അശോക് ഭൂഷന് അധ്യക്ഷനായ അവധിക്കാല ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പരീക്ഷാഫലം ഈ മാസം 26നകം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു
മേയ് ഏഴിനാണ് നീറ്റ് പരീക്ഷ നടത്തിയത്. തമിഴ്നാട്ടില്‍ ഇംഗ്ളീഷ് മീഡിയത്തിലും തമിഴ് മീഡിയത്തിലും വ്യത്യസ്ത ചോദ്യ പേപ്പറുകളായിരുന്നുവെന്നും ഇംഗ്ളീഷില്‍ എഴുതിയവര്‍ക്ക് ചോദ്യങ്ങള്‍ കടുപ്പമുള്ളവയായിരുന്നെന്നും ചൂണ്ടികാട്ടി തിരുച്ചിറപ്പള്ളിയിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവാണ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. രാജ്യവ്യാപകമായി 11.5 ലക്ഷം പേരും തമിഴ്നാട്ടില്‍ 8800 പേരുമാണ് പരീക്ഷ എഴുതിയത്.

