നിയമം ലംഘിച്ചു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് മൂന്നാറില്‍ കെട്ടിപ്പൊക്കിയ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശ. വീണ്ടും മൂന്നാര്‍ ദൗത്യം തന്നെ വേണ്ടിവരുമെന്ന സൂചനയാണ് നിയമസഭാസമിതി നല്‍കുന്നത്.
വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും അനുവദിനീയമല്ലാത്ത ഉയരമുള്ള വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തണമെന്നും ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യവസ്ഥകള്‍ക്ക് വിധേയമായി നല്കിയ പട്ടയഭൂമി കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ. അങ്ങനെയല്ലാതെ ഉപയോഗിക്കുന്ന ഭൂമി ഉടന്‍ തിരിച്ചുപിടിക്കണം. മലിനീകരണം തടയാനും മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനും കര്‍ശനമായ വ്യവസ്ഥകള്‍ വേണമെന്നും നിയമസഭാ പരിസ്ഥിതി സമിതി ആവശ്യപ്പെടുന്നു.

കൂടാതെ മൂന്നാര്‍ മേഖലയില്‍ പുതുതായി യൂക്കാലിപ്സ് മരങ്ങള്‍ വച്ചുപിടിപ്പിക്കരുതെന്ന സുപ്രധാന നിര്‍ദേശവുമുണ്ട്. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാകണമെന്നും ശുപാര്‍ശ ചെയ്യുന്നു.

