നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു

തളിപ്പറമ്പ്: ദേശിയപാതയില്‍ കണ്ണൂര്‍ (മാങ്ങാട്ടുപറമ്പ്) കെൽട്രോണിനു മുന്നില്‍ ഇന്ന്
പുലര്‍ച്ചെ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ മതിലിലിടിച്ച് എറണാകുളം സ്വദേശി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരം.
എറണാകുളം കാഞ്ഞിരമറ്റത്തെ മാങ്കുഴിയില്‍ വീട്ടില്‍ ചന്ദ്രന് (50) ആണ് മരിച്ചത്. പരിക്കേറ്റ കാഞ്ഞിരമറ്റത്ത് രമേശനെ (49) അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രമേശനിപ്പോഴും അബോധാവസ്ഥയിലാണ്. പിക്കപ്പ് വാന്‍ ഡ്രൈവര്‍ കോഴിക്കോട് പൂവാട്ടു പറമ്പിലെ സുബിന് (29) സുബ്രന് (51) എന്നിവര്‍ക്കും സാരമായ പരിക്കുണ്ട്. ഇവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്ന് രാവിലെ 5 15 നാണ് അപകടം. എറണാകുളത്തു നിന്നും കാസര്‍കോട്ടേക്ക് പോകുന്ന സ്വകാര്യ മണ്ണ് പരിശോധനാ ഏജന്‍സിയുടെ അശോക് ലൈലാന്‍ഡ് ഡോസിയര്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കെ ടിഡിസി ടാമ്റിന്റ് ഹോട്ടലിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലിലുണ്ടായിരുന്ന ചന്ദ്രന് സംഭവസ്ഥലത്തു തന്നെ മരിച്ചു.

അപകടത്തില്‍ തകര്‍ന്ന വാഹനത്തിനും മതിലിനുമിടയില്‍ കുടുങ്ങിക്കിടന്ന രമേശനെ തളിപ്പറമ്പില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് വണ്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ മറ്റുരണ്ടു പേരും വാനില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീണു. ഫയര്‍ഫോഴ്സും നാട്ടുകാരും കണ്ണപുരം പോലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

