നിയന്ത്രണംവിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു
പാലക്കാട്: കുറുശാംകുളം രണ്ടാംമൈലില്‍ കാര്‍ നിയന്ത്രണം വിട്ട് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകള്‍ സീനത്ത്(50) ആണ് മരിച്ചത്. മത്സ്യം വാങ്ങാനായി എത്തിയതായിരുന്നു സീനത്ത്. രാവിലെ 6.35നാണ് അപകടം. നാലുകുട്ടികളടക്കം പരിക്കേറ്റ എട്ടുപേരെയും ജില്ലാആശുപത്രിയിലെത്തിച്ചു
. ഗുരുതരമായി പരിക്കേറ്റ ബീയത്തില്‍ ഹൗസില്‍ ഇല്യാസ്(43)നെ കോയമ്ബത്തൂരിലേക്ക് കൊണ്ടുപോയി. മദ്രസയിലേക്ക് കുട്ടികളെയും കൊണ്ടുപോയ ഓട്ടോയിലെ ഡ്രൈവര്‍ പള്ളിത്താനകത്ത് വീട്ടില്‍ ഉമ്മര്‍ ഫറൂഖ്(37) ഓട്ടോയിലുണ്ടായിരുന്ന മകന്‍ റസല്‍(എട്ട്), ഷഹീം(12),ഷനഫാത്തിമ (ആറ്), മുസഫിര്‍ (എട്ട്), മത്സ്യവില്‍പ്പനക്കാരന്‍ ഫര്‍മാനുള്ള(48), മനത്തുപറമ്ബില്‍ അഷ്‌റഫ്(23) എന്നിവര്‍ ജില്ലാആശുപത്രിയില്‍ ചികിത്സയിലാണ്.

കല്ലേക്കാട് ഭാഗത്തുനിന്ന് അമിതവേഗതയില്‍ വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. മത്സ്യം വാങ്ങാനായി എത്തിയ സീനത്തിനെയും റോഡരികില്‍ ടിവിഎസ് സ്‌കൂട്ടറില്‍ മത്സ്യം വില്‍ക്കുകയായിരുന്ന ഫര്‍മാനുള്ളയെയും റോഡരികില്‍ നില്‍ക്കുകയായിരുന്ന അഷ്‌റഫ്, ഇല്യാസ് എന്നിവരെയും ഇടിച്ചിട്ടു. റോഡിന്റെ മറുവശത്തേക്ക് പോകാനായി ഇന്‍ഡിക്കേറ്റര്‍ ഇട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഓട്ടോയുടെ പിറകില്‍ ഇടിച്ചാണ് കാര്‍ നിന്നത്. കുട്ടികളെ മദ്രസയിലേക്ക് കൊണ്ടുവിടാനും കടകളില്‍ വന്നവരും പ്രഭാതനടത്തത്തിന് ഇറങ്ങിയവരുമായി കുറേയാളുകള്‍ റോഡരികില്‍ ഉണ്ടായിരുന്നു.

