KOYILANDY DIARY

The Perfect News Portal

നിപ്പ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ കേസെടുത്തു

പാലക്കാട‌്: ജില്ലയില്‍ നിപ്പ സ്ഥിരീകരിച്ചെന്ന് വ്യാജ പ്രചരണം. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണമാണ് നടക്കുന്നത്. യുവാവിന് നിപ്പ വൈറസ് ബാധിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മണ്ണാര്‍ക്കാട് ചങ്ങലീരി ഞെട്ടരക്കടവ് കരുണാകുറുര്‍ശ്ശി സ്വദേശി മുഹമ്മദ് ഷഹീന്‍ (21) എതിരെയാണ് കേസെടുത്തത്. ഈ മാസം ഒന്നിനു പരാതിക്കാരനും മുഹമ്മദ് ഷഹീനും അംഗങ്ങളായ ” കിണര്‍ മുക്ക് ” എന്ന വാട്സ് അപ്പ് ഗ്രൂപ്പില്‍ പരാതിക്കാരന്റെ ഫോട്ടോ എടുത്ത് നിപ്പ വൈറസ് ബാധിച്ചെന് വ്യാജ സന്ദേശം അയച്ചതിനാണ് കേസ്. പരാതി ലഭിച്ചയുടന്‍ പൊലീസ് ഷഹീനെ വിളിച്ചു. തുടര്‍ന്നാണ് കേസ് എടുത്തത്.

നിപ്പയില്ലെങ്കിലും ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നുണ്ട്. ഇതോടെ ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തദ്ദേശസ്ഥാപനങ്ങ‌ളും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം.

അലനല്ലൂര്‍, പുതുശേരി ഭാഗങ്ങളിലാണ‌് ഡെങ്കി കൂടുതലും റിപ്പോര്‍ട്ട‌് ചെയ‌്തിട്ടുള്ളത‌്. ഇതിനിടെ നഗരത്തിലെ ട്രഞ്ചിങ് ഗ്രൗണ്ടിന‌് സമീപത്തുള്ളവര്‍ ഡെങ്കിപ്പനി ഭീതിയിലാണ‌്. ട്രഞ്ചിങ് ഗ്രൗണ്ടില്‍നിന്നുള്ള മാലിന്യം പുറത്തേക്ക‌് ചോര്‍ന്നൊലിക്കുന്നതും ദുര്‍ഗന്ധവും കൊതുകുകളും സമീപവാസികളെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞവര്‍ഷം ഇവിടെ ഏറെ പേര്‍ക്ക‌് ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ മുന്നറിയിപ്പുകളില്‍ കുലുങ്ങാതെ നഗരസഭ ഒരു നടപടിക്കും തയ്യാറായിട്ടില്ല.

Advertisements

ജില്ലയില്‍ ഞായറാഴ‌്ച 355 പേര്‍ പനിബാധിച്ച‌് ചികിത്സതേടി. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 77 പേര്‍ വയറിള‌ക്കരോഗങ്ങള്‍ ബാധിച്ച‌് ചികിത്സതേടി. എട്ടുപേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ‌്. നാകലശേരിയിലാണ‌് ഞായറാ‌ഴ‌്ച ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട‌് ചെയ‌്തിട്ടുള്ളത‌്. വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കണമെന്ന‌് ആരോഗ്യവകുപ്പ‌് ജാഗ്രതാ നിര്‍ദേശം നല്‍കി.

പനി വന്നാല്‍ സ്വയം ചികിത്സ ചെയ്യാതെ ചികിത്സതേടണം. ‘നിപാ’ ജില്ലയി‌ല്‍ ഇതുവരെ റിപ്പോര്‍ട്ട‌് ചെയ‌്തിട്ടില്ല. എങ്കിലും ജാഗ്രത തുടരുകയാണ‌്. ജില്ലാ ആശുപത്രിയില്‍ പ്രത്യേകം സെല്ലും തയ്യാറാക്കിയിട്ടുണ്ട‌്. നിപാ വൈറസ‌് കണ്ടെത്തിയ സ്ഥലങ്ങളില്‍ പോയവരെയും പ്രത്യേകം നിരീക്ഷിക്കുന്നതായി ആരോഗ്യവകുപ്പ‌് അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ.പി. റീത്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *