KOYILANDY DIARY.COM

The Perfect News Portal

നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം

കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരേ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നു. മാതൃഭൂമി ന്യൂസിന്റെ വിഐപി തട്ടിപ്പുകാര്‍ എന്ന അന്വേഷണ പരമ്പരയാണ് സുരേഷ് ഗോപി അടക്കമുള്ള താരങ്ങളുടെ നികുതി വെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെPY01 BA 999 എന്ന നമ്പറിലുള്ളഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത അദ്ദേഹം പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ ഇതുവരെ അദ്ദേഹത്തെ നേരില്‍ക്കണ്ടിട്ടില്ലെന്ന് മൊഴി നല്‍കി. അപ്പാര്‍ട്ട്‌മെന്റിലെ അസോസിയേഷന്‍ ഭാരവാഹിയും ഇതേകാര്യം തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകള്‍ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകന്‍ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നല്‍കി.

Advertisements

ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *