KOYILANDY DIARY.COM

The Perfect News Portal

നാസിക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു; വീണ്ടും പോസ്റ്റ് മോര്‍ട്ടം

തിരുവനന്തപുരം> സൈന്യത്തിലെ പീഡനം ആരോപിച്ചതിനെ തുടര്‍ന്ന്  കാണാതാകുകയും പിന്നീട് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം നാസിക്കില്‍ കണ്ടെത്തുകയും ചെയ്ത മലയാളി ജവാന്‍ റോയ് മാത്യുവിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു. നാവികസേനയുടെ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് റീ പോസ്റ്റ്മോര്‍ട്ടം നടക്കുക. ബന്ധുക്കളുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറാണ് വീണ്ടും പോസ്റ്റ് മോര്‍ട്ടത്തിന് ഉത്തരവിട്ടത്. ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

റോയ് മാത്യുവിന്റെ ഡയറി നാസിക്കില്‍ നിന്നു കണ്ടെത്തിയിരുന്നു. കോര്‍ട്ട് മാര്‍ഷ്യലിനു വിധേയനാകുന്നതിനേക്കാള്‍ ഭേദം മരണമാണെന്നാണ് ഡയറിയില്‍ കുറിച്ചിരുന്നത്. ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും മാപ്പപേക്ഷിക്കുകയും ചെയ്തിട്ടുണ്ട് ഡയറിയിലെ കുറിപ്പില്‍. സൈനികന്റെ ആത്മഹത്യാകുറിപ്പാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്. റോയ് മാത്യുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാസിക്കിലെ അദ്ദേഹത്തിന്റെ യൂണിറ്റിലുണ്ടായിരുന്ന മറ്റു സൈനികരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളികാമറ ഓപ്പറേഷനിലൂടെ റോയ് മാത്യുവിന്റെ വാക്കുകള്‍ വെളിച്ചത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെയും പൊലീസ് ചോദ്യം ചെയ്തേക്കും. റോയിയുടെ ഭാര്യ ഫിനിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.അവസാനമായി ഭാര്യയെ വിളിച്ച റോയ് കരയുകയായിരുന്നെന്നു റിപ്പോര്‍ട്ടുണ്ട്. ഇതോടൊപ്പം ക്ഷമ ചോദിച്ച് കേണലിന് ഒരു സന്ദേശവും റോയ് അയച്ചിരുന്നു.

നാസിക്കിന് സമീപത്തെ  മേലുദ്യോഗസ്ഥര്‍ സൈനികരെ പീഡിപ്പിക്കുന്നെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് റോയ് മാത്യുവിനെ കാണാതായത്.  പ്രദേശിക ചാനല്‍ വഴിയാണ് ഇക്കാര്യം പുറത്തുവന്നത്. ആ റിപ്പോര്‍ട്ടില്‍ റോയ് മാത്യുവും സംസാരിക്കുന്ന ദൃശ്യങ്ങളുണ്ടായിരുന്നു.

Advertisements

റോയിയുടെ വിവരങ്ങളൊന്നും ലഭിക്കാതെയായതോടെ ബന്ധുക്കള്‍ സൈനിക ഉദ്യോഗസ്ഥരിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റോയ് മാത്യുവിനെ മേലുദ്യോഗസ്ഥര്‍ തടവിലാക്കിയെന്നാരോപിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *