നാദാപുരം ഗവ. ആശുപത്രിയില്‍ നിര്‍മ്മിച്ച ഭക്ഷണ മുറി നാടിനു സമര്‍പ്പിച്ചു

നാദാപുരം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.കണാരന് ചാരിറ്റബിള്‍ ട്രസ്റ്റ് നാദാപുരം ഗവ. ആശുപത്രിയില്‍ നിര്‍മ്മിച്ച രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള ഭക്ഷണ മുറി നാടിനു സമര്‍പ്പിച്ചു.
ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലു വര്‍ഷങ്ങളായി ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും രാവിലെ കഞ്ഞിയും ഉച്ച ഭക്ഷണവും സൗജന്യമായി നല്‍കിവരുന്നുണ്ട്. രണ്ടു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ഭക്ഷണ മുറി നിര്‍മ്മിച്ചിട്ടുള്ളത്. ഇരുപത്തിഅഞ്ചു പേര്‍ക്ക് ഒരേസമയം ഇരുന്നു ഭക്ഷണം കഴിക്കാന്‍ മുറിയില്‍ സൗകര്യമുണ്ട്.

ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റിന്റെ രക്ഷാധികാരി വി.പി.കുഞ്ഞികൃഷ്ണന് ഭക്ഷണ മുറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മണ്ടോടി ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയര്മാന് സി.എച്ച്. മോഹനന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ബാലകൃഷ്ണന്, സി.പി.എം.
ഏരിയാ സെക്രട്ടറി പി.പി.ചാത്തു, സി.പി.സലാം, ആശുപത്രി സൂപ്രണ്ട് ഗീതാ ഗുരുദാസ് എന്നിവര്‍ സംസാരിച്ചു.
എം.വിനോദന്‍ സ്വാഗതവും എം.ടി. മജീഷ് നന്ദിയും പറഞ്ഞു.

