KOYILANDY DIARY

The Perfect News Portal

ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെന്ന് സംശയിക്കുന്ന ജോസഫ് കൊയിലാണ്ടി പൊലീസ് സംരക്ഷണയില്‍

കൊയിലാണ്ടി: ഓഖി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടയാളെന്ന് സംശയിക്കുന്ന തിരുനെല്‍വേലി സ്വദേശി ജോസഫ് (58) കൊയിലാണ്ടി പൊലീസ് സംരക്ഷണയില്‍. കഴിഞ്ഞ മാസം 28ന് ഏറണാകുളം തോപ്പുംപടിയില്‍ നിന്ന് പുല്ലുവിള പുഷ്പരാജിന്റെ ചെറുവള്ളത്തില്‍ മുരുകന്‍, സതീശന്‍ എന്നിവരോടൊപ്പമാണ് ഇയാള്‍ കടലില്‍ പോയതെന്നാണ് പൊലീസിന് നല്‍കിയ വിവരം.

വള്ളം മറിഞ്ഞ് ആറ് ദിവസം കടലില്‍ വള്ളത്തില്‍ പിടിച്ചു കിടന്ന ഇയാളെ സമീപ ബോട്ടിലുള്ളവര്‍ രക്ഷപ്പെടുത്തുകയും മംഗലാപുരം മരപ്പയില്‍ എത്തിക്കുകയുമായിരുന്നുവത്രെ. സതീശനും, മുരുകനും തന്നോടൊപ്പം മൂന്നു ദിവസം ഉണ്ടായിരുന്നതായി ജോസഫ് പറയുന്നു. മരപ്പയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കിയ ശേഷം 500 രൂപയും നല്‍കി പറഞ്ഞു വിടുകയായിരുന്നു.

തുടര്‍ന്ന് വടകരയില്‍ എത്തിയ ജോസഫ് 19ന് ഉച്ചയോടെയാണ് കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിയത്. മല്‍സ്യതൊഴിലാളികളോട് തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ജോസഫ് തന്റെ അവസ്ഥ വെളിപ്പെടുത്തിയത്. ജോലി തരണമെന്നും ക്രിസ്മസിന് നാട്ടില്‍ പോവുമ്പോള്‍ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങണമെന്നും ജോസഫ് പറഞ്ഞതായി മത്സ്യതൊഴിലാളികള്‍ പറഞ്ഞു.

Advertisements

കൊയിലാണ്ടി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ജോസഫിന്റെ ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടതായാണ് വിവരം. ഇയാളുടെ ഒരു സഹോദരന്‍ പൊലീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വിവരമൊന്നും കിട്ടിയില്ലെന്നും കൊയിലാണ്ടി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *