KOYILANDY DIARY.COM

The Perfect News Portal

നമ്മുടെ നാടിനെ ഗ്രസിച്ച ബി.ജെ.പി എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും അകറ്റണം: വി.എസ് അച്യുതാനന്ദന്‍

മലപ്പുറം: ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയെയും ഭരണഘടന സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും മതനിരപേക്ഷത തകര്‍ത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടിയും ഇന്ത്യയെ ശിഥിലമാക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. മലപ്പുറം കിഴക്കേത്തലയില്‍ എല്‍.ഡി.എഫ് മണ്ഡലം റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
നമ്മുടെ നാടിനെ ഗ്രസിച്ച ബി.ജെ.പി എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും അകറ്റാന്‍ നമുക്കുള്ള ഏക മാര്‍ഗ്ഗമാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. ഇതിന് സാനുവിനെ വിജയിപ്പിക്കണം. എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച്‌ ഞാനൊന്നും പറയുന്നില്ല. സ്ത്രീകളുടെ സുരക്ഷയും തുല്യതയും ആരുടെ കൈകളിലാണ് ഭദ്രമാവുക എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി.

നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്റെയും സ്വന്തക്കാര്‍ക്ക് വേണ്ടി ഖജനാവ് മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് കോടി രൂപ ചാക്കില്‍ കെട്ടി, വിജയ് മല്യയെ പോലെ, നീരവ് മോദിയെ പോലെ, ഓരോരുത്തരായി രാജ്യം വിടുന്നു. അതിന് കാവല്‍ നില്‍ക്കുകയാണ് ഭരണ കര്‍ത്താക്കള്‍. നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതി കൊടുക്കുകയാണിവര്‍. ആലിബാവയും 74 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ളസംഘമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ കള്ളനാണ് എന്ന് അഭിമാന ബോധത്തോടെ പറയുന്ന നേതാവും ഞങ്ങളും കള്ളന്മാരാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളും കൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ്.

വാഗ്ദാനങ്ങളുടെ പെരുമഴയാണിപ്പോള്‍. രാജ്യ സുരക്ഷയില്‍ വലിയ താല്‍പര്യവും പട്ടാളക്കാരോട് വലിയ സ്‌നേഹവുമാണ് മോദിക്ക് തിരഞ്ഞെടുപ്പ് കാലത്ത്. കടക്കെണിയില്‍പ്പെട്ട് ജീവനെടുക്കുന്ന ഇന്ത്യന്‍ കര്‍ഷകരെ പ്രധാനമന്ത്രി കാണുന്നില്ല. ബി.ജെ.പി എന്ന മഹാ ദുരന്തത്തെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *