നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയെ ചോദ്യം ചെയ്തു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു, ഇതിനു ശേഷം ആരെ വിളിച്ചു, ദിലീപുമായി സാമ്പത്തിക ഇടപാടുകളുണ്ടോ എന്നുള്ള കാര്യങ്ങളാണ് പൊലീസ് പ്രധാനമായും റിമി ടോമിയോട് ചോദിച്ചത്. അതോടൊപ്പം ദിലീപുമൊത്തുള്ള വിദേശ ഷോകളുടെ വിശദാംശങ്ങളും പൊലീസ് ആരാഞ്ഞു.
റിമി നല്‍കിയ ചില ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ആ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കും. അതേസമയം റിമിയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിപ്പിക്കുമെന്നും സൂചനയുണ്ട്.

അതേസമയം, ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും തന്നെയില്ലെന്നും എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ രണ്ടു വര്‍ഷം മുമ്പ് നടന്ന ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയേനെയെന്നും റിമി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് കാവ്യ മാധവനെ വിളിച്ചിരുന്നു എന്നാല്‍ ദിലീപിനെ വിളിച്ചിട്ടില്ലെന്നും റിമി പറഞ്ഞു.

