KOYILANDY DIARY

The Perfect News Portal

നഗരസഭ അനുമതി നിഷേധിച്ച കെട്ടിടത്തിൽ നിയമം ലംഘിച്ച് ലോട്ടറി മൊത്തക്കച്ചവടം

കൊയിലാണ്ടി: പട്ടണത്തിലെ വിവാദമായ സെൻ്റർപോയിൻ്റ് ബിൽഡിംഗിഗിലെ പഴയ മമ്മാസ് ഹോട്ടലിൻ്റെ ഗോവണിപ്പടിക്കുള്ളിൽ നഗരസഭയുടെ അനുമതിയില്ലാതെ വീണ്ടും ലോട്ടറി മൊത്ത കച്ചവടം ആരംഭിച്ചു. പറശ്ശിനി മുത്തപ്പൻ ലോട്ടറി എന്ന പേരിലാണ് തിങ്കളാഴ്ച മുതൽ കച്ചവടം ആരംഭിച്ചത്. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റിന് മുൻവശം പുതിയ റഹ്മത്ത് ഹോട്ടലിൻ്റെ ഗോവണിപ്പടിക്കുള്ളിലുള്ള വിവാദ കെട്ടിടത്തിലാണ് ഇപ്പോൾ കൈയ്യേറ്റം പൂർണ്ണതോതിലായത്. 2019ൽ കെട്ടിടത്തിനടിയിൽ അനധികൃതമായി ചുമരുകളും ഷട്ടറും വെക്കാനുള്ള ശ്രമം കൊയിലാണ്ടി ഡയറി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായി വന്നതിനെ തുടർന്ന് പൊതു പ്രവർത്തകരുടെയും ഡി.വൈഎഫ്.ഐ, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെയും പ്രതിഷേധത്തിനൊടുവിൽ നഗരസഭ അധികൃതർ നിർമ്മാണം സ്റ്റോപ്പ് മെമ്മോ കൊടുത്ത് നിർത്തിവെപ്പിക്കുകയും. കൈയ്യേറ്റം പൂർണ്ണതോതിൽ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.

എന്നാൽ ഇന്ന് വരെ കൈയ്യേറ്റം ഒഴിപ്പിക്കാത്തത് കടുത്ത വിമർശനത്തിനാണ് വഴിവെച്ചത്. നഗരസഭയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയാണ് ഇത്തരം അനധികൃത കൈയ്യേറ്റത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. ഇവിടെ ഇപ്പോൾ രാത്രി കാലങ്ങളിലാണ് നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നടക്കുന്നത്. ഒഴിവ് ദിവസങ്ങളിൽ താർപ്പായകൊണ്ട് മൂടിയിട്ടതിന് ശേഷം ഉള്ളിൽ നിന്ന് പണി പൂർത്തിയാക്കിയാണ് ഇപ്പോൾ പറശ്ശിനി മുത്തപ്പൻ ലോട്ടറിയുടെ മൊത്തക്കച്ചവടം ആരംഭിച്ചത്. കുഞ്ഞമ്മദ്, ഹുസൈൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത കെട്ടിടം. വിവരാവകാശ രേഖയിൽ ഇങ്ങനെയൊരു പീടിക മുറി ഇല്ലെന്ന് കൃത്യമായും വ്യക്തമാക്കുന്നുണ്ട്.

നഗരസഭയുടെ ആരോഗ്യ, എഞ്ചിനീയറിംഗ് വിഭാഗം ഉൾപ്പെടെയുള്ള മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ടപ്പോൾ സ്ഥാപനം തുടങ്ങാനുള്ള ഒരു അനുമതിയോ മറ്റ് ലൈസസുകളോ അനുവദിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തിനടുത്ത് ആർ.ബി.ഡി.സി.കെ.യുടെ കൈവശമുള്ള സ്ഥലം കൈയ്യേറിയാണ് ഇപ്പോൾ ഷട്ടറിനോടനുബന്ധിച്ച സ്ഥലം കിടക്കുന്നത് അതിന് പുറമെ കൊയിലാണ്ടി താമരശ്ശേരി റോഡിൻ്റെ ടാറിംഗിൽ സ്റ്റീൽ കൊണ്ടുള്ള ഹാൻ്റ്ഗ്രിൽസും സ്ഥാപിച്ച് വലിയ കൈയ്യേറ്റമാണ് നടന്നിട്ടുള്ളത്. ഇതിനെതിരെ വ്യാപക പരാതിയാണ് ഉണ്ടായിട്ടുള്ളത്. മുമ്പ് കോവിഡ് രൂക്ഷമായ സമയത്ത് കൈയ്യേറ്റം നടന്ന വേളയിൽ പ്രതിഷേധം ഉണ്ടായപ്പോൾ ഇവിടെ സാനിറ്റൈസറും, സോപ്പും, വെള്ളവും വെച്ച് സാമൂഹ്യ പ്രവർത്തനത്തിൻ്റെ ഉദാത്തമാതൃകയാക്കി വേഷംകെട്ടിയിരുന്നു. ഇതിൻ്റെ മറവിലാണ് ഇപ്പോൾ കൈയ്യേറ്റമെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് കൈയ്യേറ്റം പൂർണതോതിൽ ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള കർശന നടപടി ഉണ്ടാകണമെന്നും നാട്ടുകാർ പറയുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *