ദേശീയ പാതയോരത്ത് യാത്രക്കാർക്ക് ദുരിതമായി വെളളക്കെട്ട്

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷന്റെ തെക്കു ഭാഗം ദേശിയ പാതയോരത്ത് മലിന ജലം കെട്ടിനിൽക്കുന്നത് കാൽ നട യാത്രക്കാർക്ക് ദുരിതം തീർക്കുന്നു. മിനി സിവിൽ സ്റ്റേഷനിലേക്കും സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുളള നിരവധി പേർ ഇതു കാരണം കഷ്ട്ടപ്പെടുകയാണ്. ദേശീയപാതയോരത്ത് നിർമ്മാണം നടക്കുന്ന ബഹുനില കെട്ടിടത്തിന്റെ കോമ്പൗണ്ടിൽ നിന്നുളള വെളളം റോഡിലേക്കാണ് തിരിച്ചു വിട്ടത്. ഇതാണ് റോഡരികിൽ വെളളം കെട്ടി നിൽക്കാൻ കാരണമാകുന്നതെന്ന് പരിസര വാസികൾ പറയുന്നു . വെളളക്കെട്ടുകാരണം തിരക്കേറിയ റോഡിലേക്ക് കയറിയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. ഇത് അപകടത്തിന് കാരണമാകുന്നു. റോഡരിക് മണ്ണിട്ട് ഉയർത്തുകയാണ് അടിയന്തിരമായി വേണ്ടത്. ഇക്കാര്യത്തിൽ ദേശീയപാതാധികൃതർ നടപടിയെടുക്കണം.
കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുൻവശവും കാൽനടയാത്രക്കാർക്ക് പോകാൻ വഴിയില്ല. വിവിധ കാരണങ്ങളാൽ പോലീസ് പിടിച്ചിടുന്ന ബസ്സും ലോറിയും മറ്റ് വാഹനങ്ങളും റോഡ് വശമാണ് നിർത്തിയിടുന്നത്. കൊയിലാണ്ടി ഗേൾസ് സ്കൂൾ, പന്തലായനി യൂ.പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾ ഇതു മൂലം പ്രയാസം അനുഭവിക്കുന്നുണ്ട്.

