ദേശീയപാത വികസനം: ഭൂ ഉടമകൾക്ക് ഒഴിയാൻ നോട്ടീസ് നൽകി

കൊയിലാണ്ടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് 7 ദിവസത്തിനകം സ്ഥലം ഒഴിഞ്ഞ് കൊടുക്കണമെന്നാവശ്യപ്പെട്ട് അധികൃതർ നോട്ടിസ് നൽകി. ചേമഞ്ചേരി വില്ലേജിൽ വെങ്ങളത്തിനു സമീപം 19 പേർക്കും, ഇരിങ്ങൽ വില്ലേജിൽ മൂരാട് പാലത്തിനു സമീപമുള്ള 18 പേർക്കുമാണ് ദേശീയ പാത കോമ്പിറ്റൻറ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചത്.
7 ദിവസത്തിനുള്ളിൽ അസ്സൽ പ്രമാണങ്ങൾ തൊട്ടടുത്ത വില്ലേജ് അധികൃതരെ ഏൽപ്പിക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ കലക്ടറുടെ ഉത്തരവ് പ്രകാരം ഒഴിപ്പിക്കൽ നടപടികൾക്ക് വിധേയരാവുമെന്നാണ് പറയുന്നത്. നഷ്ടപരിഹാരം ബന്ധപ്പെട്ട ഓഫീസുകളിൽ നിക്ഷേപിച്ചതായും നോട്ടിസിൽ പറയുന്നു.

എന്നാൽ തങ്ങളുടെ നഷ്ടപരിഹാരം എത്രയെന്ന് അറിയാനുള്ള അവകാശം പോലും നിഷേധിക്കുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്നും കുടിയൊഴിപ്പിക്കപ്പെടുന്നവർ പറയുന്നു. വാക്കാൽ പറഞ്ഞ നഷ്ടപരിഹാരം പോലും തരാൻ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. എന്നാൽ വികസനത്തിന് തങ്ങൾ എതിരല്ലെന്ന് കുടിയൊഴിപ്പിക്കൽ നടപടി നേരിടുന്നവർ പറയുന്നു.

