ദേശസാൽകൃത ബാങ്കുകളിലെ ജുവൽ അപ്രൈസർമാർ ദുരിതത്തിൽ
കൊയിലാണ്ടി: കോവിഡ് കാലത്ത് നിത്യ വരുമാനത്തിന് ഒരു മാർഗ്ഗവുമില്ലാതെ ദേശസാൽകൃത ബാങ്കുകളിലെ ജുവൽ അപ്രൈസർമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കഴിഞ്ഞ നോട്ടു നിരോധിത കാലത്തു തുടങ്ങിയ ദുരിതം ഇന്നും തുടരുന്നു. നിപ്പയും, ഓഖിയും വന്നപ്പോഴും പ്രളയം വന്നപ്പോഴും ഇവർക്ക് ആശ്വാസമായി നൂറു രൂപ പോലും കേന്ദ്ര കേരള സർക്കാരുകളോ, ബാങ്കുകളോ നൽകിയിട്ടില്ല. ഇപ്പോഴിതാ കൊറോണ എന്ന മഹാവ്യാധിയും അവരുടെ ജീവിതത്തെ ബാധിച്ചിരിക്കുകയാണ്. കുറേ പേർ കോറോണ ബാധിച്ച് മരണപ്പെടുകയും, ബാക്കിയുള്ളവർ കോറോണ ബാധിച്ച് വീട്ടിൽ കഴിയുന്ന സാഹചര്യവുമാണ്.

കഴിഞ്ഞ ലോക്‌ഡോൺ കാലത്ത് എല്ലാ മേഖലയിലെ തൊഴിലാളികൾക്കും ഗവണ്മെന്റ് സാമ്പത്തികം ഉൾപ്പെടെയുള്ള സഹായം നൽകിയപ്പോൾ ഈ ജുവൽ അപ്രൈസർ വിഭാഗത്തെ ആരും പരിഗണിച്ചില്ല. ബാങ്കിൽ സ്വർണ പണയം എടുത്താൽ മാത്രമേ ഇവർക്ക് വരുമാനം ഉള്ളൂ. ഇപ്പോൾ ഒരു വർഷത്തിലേറെയായി കാർഷിക ലോണിൽ നിയന്ത്രണം കൊണ്ടുവന്നതിനാൽ പല ബ്രാഞ്ചുകളിലും സ്വർണ്ണ പണയം പകുതിയിലും താഴെയായി കുറഞ്ഞിട്ടുണ്ട്. മിനിമം സ്റ്റാഫിനെ വച്ചു ബാങ്ക് പ്രവർത്തിക്കുന്നതിനാൽ മിക്ക ബാങ്കിലും സ്വർണ്ണ പണയം നിർത്തി വച്ചിരിക്കുകയാണ്. ലോക് ഡൗൺ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണ ജനസമൂഹത്തിന് ആശ്വാസമായ വളരെ ലളിതമായ സ്വർണ്ണ പണയ വായ്പയാണ് നിലച്ചിരിക്കുന്നത്. ഇത് കാരണം പല അപ്രൈസറും വരുമാനം ഇല്ലാത്ത അവസ്ഥയിലും ആത്മഹത്യയുടെ വക്കിലുമാണ്. അപ്രൈസർമാരെ സംരക്ഷിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ആൾ കേരള ബാങ്ക് ജുവൽ അപ്രൈസേഴ്‌സ് ഫെഡറേഷൻ ഓൺലൈൻ മീറ്റിങ്ങിലൂടെ സര്ക്കാരിനോട് ആവശ്യപ്പെട്ടു.

- സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക ലോണുകൾ സ്വർണ്ണ പണയത്തിൻമേൽ നൽകുക,
- കോവിഡ് വാക്സിന് അപ്രൈസർമാർക്കും മുൻഗണന നൽകുക,
- ആരോഗ്യ സുരക്ഷ ഇൻഷൂറൻസ് പാക്കേജ് ബാങ്ക് ഉറപ്പ് വരുത്തുക.
- യാത്രാ സൗകര്യത്തിന് ബാങ്കിൻ്റെ ഐഡി കാർഡ് നൽകുക,
- അപ്രൈസർകമ്മീഷൻ ഏകീകരിക്കുക,
- തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക,
- സ്ഥിര നിയമനം നൽകുക,
തുടങ്ങിയ കാര്യങ്ങൾ പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാൻ യോഗം തീരുമാനിച്ചതായി ജനറൽ സിക്രട്ടറി പി. മോഹൻരാജ് പറഞ്ഞു. മുഖ്യമന്ത്രിയെയും മറ്റ് ബാങ്ക് അധികാരികളെയും തൊഴിൽ സുരക്ഷ ഉറപ്പുവരുത്താന് ഇടപെടണമെന്ന് ആവശ്യപ്പെട്ടു.


