ദില്ലി മെട്രോയിലെ പോക്കറ്റടിയും മോഷണവും വര്‍ധിച്ചു. സഹായത്തിന് പോലീസും

ദില്ലി: ദില്ലി മെട്രോയിലെ പോക്കറ്റടിയും മോഷണവും വര്‍ധിച്ചുവരികയാണ്. സ്ത്രീകളാണ് മോഷണത്തില്‍ മുന്നിലെന്ന് അടുത്തിടെ പുറത്തുവന്ന പോലീസ് റെക്കോര്‍ഡുകള്‍ പറയുന്നു. എന്നാല്‍, മോഷ്ടാക്കള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നത് പോലീസുകാര്‍ തന്നെയാണോ എന്ന സംശയമാണ് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ വ്യക്തമാക്കുന്നത്.
എന്‍.ആര്‍.ഐ.ക്കാരിയായ യുവതിയെ പോക്കറ്റടിച്ച സ്ത്രീകള്‍ തങ്ങളുടെ സമീപത്തുകൂടി കടന്നുപോകുന്ന പോലീസുകാരന്റെ കൈയ്യില്‍ എന്തോ കൈമാറുന്നതും പോലീസുകാരന്‍ അത് പാന്റ്സിന്റെ പോക്കറ്റിലിടുന്നതും സിസിടിവി വീഡിയോയില്‍ വ്യക്തമാണ്. സിസിടിവി വീഡിയോ പ്രകാരം യുവതികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയുന്നു.

എന്നാല്‍, പോലീസുകാരനെതിരെ കേസ് ചാര്‍ജ് ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. 22 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് യുവതിയില്‍ നിന്നും ആറ് സ്ത്രീകള്‍ ചേര്‍ന്ന് അടിച്ചുമാറ്റിയത്. ഇവ പിന്നീട് ഇവരില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ദില്ലി പോലീസ് കോണ്‍സ്റ്റബിളിന് എന്താണ് കൈമാറിയത് എന്നത് വ്യക്തമല്ല.

മോഷണം നടന്നെന്ന് യുവതി പരാതി നല്‍കിയ ഉടനെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും ആറു സ്ത്രീകളാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. ഇവര്‍ മറ്റൊരു സ്റ്റേഷനില്‍ ഉള്ളതായി തെളിഞ്ഞതോടെ ഉടന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരക്കുള്ള സ്റ്റേഷനുകളിലാണ് പ്രതികള്‍ മോഷണം നടത്തുന്നതെന്ന് പോലീസ് വ്യക്തമാക്കി.

