ദിലീപിനെ വീണ്ടും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ഒരു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പൊലീസിന്റെ കസ്റ്റഡിയപേക്ഷ പരിഗണിച്ച് നാളെ വൈകിട്ട് അഞ്ചുവരെയാണ് വിട്ടത്. ഈ സന്ദര്‍ഭത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്നും അങ്കമാലി മജിസ്ട്രേറ്റ് ഉത്തരവായി. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയില്‍ പ്രാഥമിക വാദം നടന്നെങ്കിലും കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്ന് പരിഗണിക്കാമെന്നാണ് പറഞ്ഞിരുന്നത് . അതിനായി രാവിലെ പത്തരയോടെയാണ് ആലുവ പൊലീസ് ക്ളബ്ബില്‍നിന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
കഴിഞ്ഞ ദിവസം രണ്ടുദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. ആ കാലാവധി കഴിഞ്ഞപ്പോഴാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍ പോയ സാഹചര്യത്തില്‍ ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ജാമ്യാപേക്ഷ ഇപ്പോള്‍ പരിഗണിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ദിലീപിനുവേണ്ടി അഡ്വ. രാംകുമാറും പ്രോസിക്യുഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ സുരേശനും ഹാജരായി. കസ്റ്റഡിയിലായിരിക്കെ ദിലീപിനെ എറണാകുളത്തും തൃശൂരിലും വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു. നടിയെ ആക്രമിക്കാന്‍ പള്‍സള്‍ സുനിയുമായി ഗൂഢാലോചന നടത്തിയതെന്ന് കരുതുന്ന ഇടങ്ങളിലാണ് തെളിവെടുത്തത്.

അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍പോയി.അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അപ്പുണ്ണി എത്തിയില്ല. അപ്പുണ്ണിയുടേതെന്ന് കരുതുന്ന അഞ്ച് ഫോണ്‍നമ്ബരുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.നടിയെ ആക്രമിച്ച കേസില്‍ അപ്പുണ്ണിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. പള്‍സര്‍ സുനി ജലിലില്‍നിന്ന് വിളിച്ചതും സുനിയുടെ സഹതടവുകാരനായ വിഷ്ണു കത്തുമായി ചെന്ന് കണ്ടതും അപ്പുണ്ണിയെയാണ്. അപ്പുണ്ണിയുടെ ഏലൂരിലുള്ള വീട് പുട്ടിയിട്ടനിലയിലാണ്. ആദ്യദിവസം പൊലീസ് ക്ളബില്‍ ദിലീപിനും നാദിര്‍ഷക്കുമൊപ്പം അപ്പുണ്ണിയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

