തൊഴിലുറപ്പിലൂടെ സുരേഷും കമലയും മകള്‍ക്ക‌് നേടിക്കൊടുത്തത‌് സിവില്‍ സര്‍വീസ‌്

കല്‍പ്പറ്റ: തൊഴിലുറപ്പിലൂടെ സുരേഷും കമലയും മകള്‍ക്ക‌് നേടിക്കൊടുത്തത‌് സിവില്‍ സര്‍വീസ‌്. വയനാട്ടിലെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക‌് പോലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണ‌് ആദിവാസി പെണ്‍കുട്ടി സ്വന്തം കുടിലില്‍ എത്തിച്ചത‌്. വയനാട‌് പൊഴുതന അമ്പലക്കൊല്ലി ഇ എം എസ‌് കോളനിയിലെ സുരേഷ‌്–കമല ദമ്പതിമാരുടെ മകള്‍ ശ്രീധന്യ സുരേഷ‌് അഖിലേന്ത്യ സിവില്‍ സര്‍വീസ‌് പരീക്ഷയില്‍ 410–ാം റാങ്ക‌് നേടി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ‌്.
സിവില്‍സര്‍വീസ‌് പരീക്ഷയില്‍ മകള്‍ ഉയര്‍ന്ന റാങ്ക‌് നേടിയ വിവരം അറിഞ്ഞപ്പോള്‍ സുരേഷിനും കമലക്കും സന്തോഷം അടക്കാനായില്ല. തിരുവനന്തപുരത്തുനിന്ന‌് മകളുടെ ഫോണ്‍ വിളിയെത്തിയതോടെ ആഹ്ളാദം കൊടുമുടിയിലായി. പണിയെടുത്ത‌് കിട്ടുന്നത‌് മുഴുവന്‍ മക്കളുടെ പഠനത്തിന‌് ചിലവഴിക്കുന്ന തങ്ങള്‍ക്ക‌് ഇതിനേക്കാള്‍ വലുതൊന്നും ലഭിക്കാനില്ലെന്ന‌് സുരേഷ‌് പറഞ്ഞു.

സര്‍ക്കാരിന്റെ സാമ്ബത്തിക സഹായത്തോടെയാണ‌് ശ്രീധന്യ സിവില്‍ സര്‍വ്വീസ‌് പരീക്ഷാ പരിശീലനം നടത്തിയത‌്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ‌് അക്കാദമിയിലായിരുന്നു പരിശീലനം. കഴിഞ്ഞ ജൂണിലാണ‌് പ്രിലിമിനറി പാസായത‌്. ഒക‌്ടോബറില്‍ മെയിന്‍ ജയിച്ചു. പിന്നീട‌് ഡല്‍ഹിയില്‍ അഭിമുഖവും പാസായി.

ശ്രീധന്യയുടെ മാതാപിതാക്കളോടും സഹോദരനോടുമൊപ്പം സന്തോഷം പങ്കിടുന്ന സിപിഐ എം വയനാട് ജില്ലാസെക്രട്ടറി പി ഗഗാറിന്‍

സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ‌് ശ്രീധന്യ. തരിയോട‌് നിര്‍മല ഹയര്‍സെക്കന്‍ഡറി സ‌്കൂളില്‍നിന്നാണ‌് എസ‌്‌എസ‌്‌എല്‍സി പാസായത‌്. തരിയോട‌് ഗവ. ജിഎച്ച‌്‌എസ‌്‌എസില്‍നിന്ന‌് പ്ലസ‌് ടുവും കോഴിക്കോട‌് ദേവഗിരി കോളേജില്‍നിന്ന‌് സുവോളജിയില്‍ ബിരുദവും കലിക്കറ്റ‌് സര്‍വകലാശാല ക്യാമ്ബസില്‍നിന്ന‌് ബിരുദാനന്തര ബിരുദവും നേടി.
2016ലാണ‌് ആദ്യം സിവില്‍ സര്‍വീസ‌് പ്രിലിമിനറി പരീക്ഷ എഴുതിയത‌്. കുറഞ്ഞ മാര്‍ക്കിന‌് പരാജയപ്പെട്ടു. എന്നാല്‍ ഐഎഎസ‌് നേടണമെന്ന ഉറച്ച ലക്ഷ്യത്തോടെ പരിശീലനം തുടര്‍ന്നു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഐസിഎസ‌്‌ഇടിഎസ‌്(ഇന്‍സ‌്റ്റിറ്റ്യൂട്ട‌് ഫോര്‍ സിവില്‍ സര്‍വീസ‌് എക‌്സാമിനേഷന്‍ ടെയിനിങ് സൊസൈറ്റി) പരിശീലനത്തിന‌് സാമ്ബത്തിക സഹായം നല്‍കി. ഇപ്പോള്‍ ശ്രീധന്യ ഫോര്‍ച്യൂണ്‍ സിവില്‍ സര്‍വീസ‌് അക്കാദമയില്‍ വിദ്യാര്‍ഥികള്‍ക്ക‌് ക്ലാസെടുക്കുകയാണ‌്. സഹോദരി സുശിത സുരേഷ‌് പാലക്കാട‌് കോടതിയിലെ ലാസ‌്റ്റ‌് ഗ്രേഡ‌് ജീവനക്കാരിയാണ‌്. സഹോദരന്‍ ശ്രീരാഗ‌് സുരേഷ‌് മീനങ്ങാടി പോളിടെക‌്നിക‌് വിദ്യാര്‍ഥി.
ശ്രീധന്യയെ പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എ കെ ബാലന്‍ അനുമോദിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ അടക്കമുള്ളവര്‍ അമ്ബലക്കൊല്ലിയിലെ ആദിവാസി സമരഭൂമിയായ ഇ എം എസ‌് കോളനിയിലെത്തി മാതാപിതാക്കളെ അഭിനന്ദിച്ചു.
