തുല്യത പ്രധാനവിഷയം തന്നെയെന്ന് ദേവസ്വം ബോര്‍ഡ്; വാദം പുനരാരംഭിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രവേശം അനുവദിച്ച ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ച് തുടങ്ങി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് അംഗങ്ങള്‍. 3 മണിവരെയേ വാദം കേള്‍ക്കുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അഭിഭാഷകരെ അറിയിച്ചു.
വാദം തുടങ്ങിയ ഉടന്‍ തന്നെ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഹര്‍ജിക്കാരോട് ചോദിച്ചത്. സ്ത്രീപ്രവേശനം സംബന്ധിച്ച വിധിയിലെ പിഴവ് എന്താണെന്നും, ആ വിധി എന്തുകൊണ്ട് പുന:പരിശോധിക്കണമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്‍എസ്‌എസിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് ആദ്യം ഹാജരായത്. ഭരണഘടനയുടെ 15-ാം അനുച്ഛേദ പ്രകാരം ക്ഷേത്ര ആചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് പരാശരന്‍ വാദിച്ചു. വിധിയില്‍ പിഴവുണ്ട്. യുവതീപ്രവേശനം തൊട്ടുകൂടായ്മയുടെ ഭാഗമല്ല. പൊതുഇടങ്ങളിലെ തുല്യാവകാശം ആരാധനാലയങ്ങള്‍ക്ക് ബാധകമല്ലെന്നും പരാശരന്‍ വാദിച്ചു. 15(2) അനുച്ഛേദപ്രകാരമാണ് തന്റെ വിധിയെന്ന് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.

തന്ത്രി കണ്ഠരര് രാജീവര്‍ക്കായി വി ഗിരിയാണ് രണ്ടാമതായി ഹാജരായത്. മതാചാരപ്രകാരമാണ് ശബരിമലയില്‍ യുവതികളെ മാറ്റിനിര്‍ത്തുന്നതെന്ന് വി ഗിരി വാദിച്ചു. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് യുവതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തന്ത്രിക്ക് പ്രത്യേകമായ അവകാശം ശബരിമലയിലുണ്ട്. എല്ലാ സ്ത്രീകള്‍ക്കും ക്ഷേത്ര ആചാരാ ചോദ്യം ചെയ്യാനാകില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിയിലെ വ്യാഖ്യാനം പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗിരി വാദിച്ചു.

പ്രയാര്‍ ഗോപാലകൃഷ്ണനുവേണ്ടി മനു അഭിഷേക് സിംഗ്വിയാണ് പിന്നീട് ഹാജരായത്. നേരത്തെ ദേവസ്വം ബോര്‍ഡിനുവേണ്ടി ഹാജരായിട്ടുള്ള സിംഗ്വി പ്രയാറിനുവേണ്ടി ഹാജരാകുന്നതിനെ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ രാകേഷ് ഡൈ്വവെടി എതിര്‍ത്തു. എന്നാല്‍ ചീഫ് ജസ്റ്റിസ് സിംഗ്വിക്ക് വാദിക്കാന്‍ അനുമതി നല്‍കി. നൈഷ്ഠിക ബ്രഹ്മചര്യം പ്രത്യേകമായ അവകാശമെന്ന് സിംഗ്വി വാദിച്ചു. 25,26 അനുച്ഛേദങ്ങള്‍ കൂട്ടിവായിക്കണം. നൈഷ്ഠിക ബ്രഹ്മചര്യം ശബരിമലയുടെ മാത്രം പ്രത്യേകതയാണ്. യുക്തി കൊണ്ട് അളക്കാന്‍ ശബരിമല സയന്‍സ് മ്യൂസിയമല്ല, ക്ഷേത്രം ആണെന്നും സിംഗ്വി വാദിച്ചു.

ബ്രാഹ്മണസഭയ്‌ക്കുവേണ്ടി അഭിഭാഷകന്‍ ശേഖര്‍ നാഫഡെയ് നാലാമതായി ഹാജരായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളാമ് റദ്ദാക്കിയതെന്ന് നാഫഡെയ് വാദിച്ചു. വിശ്വാസം തീരുമാനിക്കാന്‍ ആക്ടിവിസ്റ്റുകള്‍ക്ക് അവകാശമില്ല. കോടതിയുടെ പരിധിയില്‍ വരുന്ന വിഷയം അല്ലെന്നും നാഫ്‌ഡെ വാദിച്ചു.
അതിനിടെ ഹിന്ദു മതാചാര നിയമത്തിന്റെ പകര്‍പ്പ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു.
അഞ്ചാമതായി വെങ്കട്ട് രാമനും വെങ്കട്ട് രമണിയും പിന്നീട് മോഹന്‍ പരാശരനും വാദിച്ചു. വ്യത്യസ്ത മതത്തില്‍ പെട്ടവരാണെങ്കിലും അയ്യപ്പനെ ആരാധിക്കുന്നവരെയെല്ലാം പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്ന് മോഹന്‍ പരാശരന്‍ വാദിച്ചു. ആര്‍ത്തവുമായി ബന്ധപ്പെട്ട വിശ്വാസം ഇന്ത്യന്‍ പാരമ്ബര്യം മാത്രമല്ല, ഈജിപ്തിലടക്കം ആര്‍ത്തവത്തെ പ്രതിഷ്‌ഠയുമായി ബന്ധിപ്പിക്കാറുണ്ടെന്ന് വെങ്കട്ട് രാമന്‍ വാദിച്ചു.
പന്തളം രാജ കുടുംബത്തിന് വേണ്ടി സായി ദീപകും, ഉഷ നന്ദിനിക്ക് വേണ്ടി ഗോപാല്‍ ശങ്കരനാരായണനും വാദിച്ചു.
ഹര്‍ജിക്കാരില്‍ ഒന്നോ രണ്ടോ പേരെ കൂടി ഇനി കേള്‍ക്കുകയുള്ളുവെന്നും കൂടുതല്‍ വാദം ഉള്ളവര്‍ക്ക് എവുതി നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ തങ്ങള്‍ക്കും വാദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറ്റ് അഭിഭാഷകര്‍ ബഹളം വെച്ചു. എന്നാല്‍ വാദങ്ങള്‍ എഴുതിനല്‍കാന്‍ അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടും ബഹളം വെച്ച അഭിഭാഷകര്‍ക്ക് ചള ജസ്‌റ്റിസ് താക്കീത് നല്‍കി. അച്ചടക്കം പാലിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ഹര്‍ജിക്കാര്‍ എല്ലാം ഉന്നയിക്കുന്നത് ഒരേകാര്യമാണെന്നും എതിര്‍വാദത്തിനായി അരമണിക്കൂര്‍ സമയമേ നല്‍കൂവെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.അയ്യപ്പ സേവാ സമാജത്തിനു വേണ്ടി കൈലാസ നാഥ പിള്ളയും വാദിച്ചു.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി അഡ്വ.ജയ്ദീപ് ഗുപ്ത വാദിച്ചു. വിധിയില്‍ പുനപരിശോധന ആവശ്യമില്ല. പുതിയ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിധിക്ക് ആധാരം തുല്യതയാണെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. പുനപരിശോധനയ്‌ക്ക് തക്കതായ പിഴവ് വിധിയില്‍ ഇല്ല. പിഴവുകള്‍ ഉണ്ടെന്ന് സ്ഥാപിക്കാന്‍ ആയിട്ടില്ല. തുല്യതയാണ് വിധിയുടെ അടിസ്ഥാനം, തൊട്ടുകൂടായ്‌മ അല്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.
ആചാര പ്രത്യേകത പരിഗണിച്ചാല്‍ എല്ലാ ക്ഷേത്രങ്ങക്കും പ്രത്യേക വിശ്വാസ ഗണത്തില്‍ പെടുന്നതായി കണക്കാക്കേണ്ടി വരും. തിരുപ്പതി, ജഗന്നാഥ ക്ഷേത്രങ്ങള്‍ പോലും പ്രത്യേക വിഭാഗനല്ലെന്നു കോടതി പറഞ്ഞിട്ടുണ്ട്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്‌ക്ക് ഇണങ്ങാത്ത ആചാരം നിലനില്‍ക്കരുത്. ആചാരം മൗലികാവകാശങ്ങള്‍ക്ക് വിധേയമാണ്. ആരെയും ഒഴിവാക്കാന്‍ ആകില്ല, വിവേചനം പാടില്ല, ഇതാണ് ഭരണഘടനയുടെ അടിസ്ഥാന തത്വം. ക്ഷേത്ര പ്രവേശനമാണ് ഏറ്റവും വലിയ അവകാശം. സമാധാനം പുലരുമെന്നാണ് പ്രതീക്ഷയെന്നും സാഹചര്യങ്ങള്‍ മാറുമെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു.
ഒരുമണിക്ക് ഉച്ചഭക്ഷണത്തിന് പിരിഞ്ഞ കോടതി രണ്ട് മണിക്ക് പുനരാരംഭിച്ചു. ദേവ്‌സ്വം ബോര്‍ഡിന് വേണ്ടി രാകേഷ് ദ്വിവേദി വാദിച്ചു. എല്ലാവര്‍ക്കും തുല്യാവകാശം പ്രധാനപ്പെട്ട വിഷയമാണെന്ന് രാകേഷ് ദ്വിവേദി വാദിച്ചു. ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ല.
