തിരുവനന്തപുരം റീജ്യണിന‌് കീഴിലുള്ള രണ്ട‌് സ്കൂളുകള്‍ക്ക‌് സിബിഎസ‌്‌ഇ രണ്ടരലക്ഷം പിഴ ചുമത്തി

തിരുവനന്തപുരം> സിബിഎസ‌്‌ഇ തിരുവനന്തപുരം റീജ്യണിന‌് കീഴിലുള്ള രണ്ട‌് സ്കൂളുകള്‍ക്ക‌് സിബിഎസ‌്‌ഇ രണ്ടരലക്ഷം പിഴ ചുമത്തി. റീജ്യണല്‍ ഓഫീസ‌് നടത്തിയ മിന്നല്‍പരിശോധനയിലാണ‌് വിദ്യാര്‍ഥികള്‍ക്ക‌് വന്‍വിലയ്ക്ക‌് പുസ്തകം വിറ്റതുള്‍പ്പെടെയുള്ള ചട്ടലംഘനം നടത്തിയതായി ബോധ്യപ്പെട്ട കൊല്ലം ജില്ലയിലെ രണ്ട‌് സ്കൂളുകള്‍ക്ക‌് പിഴ ചുമത്തിയത‌്. കൂടുതല്‍ നടപടി ഒഴിവാക്കാന്‍ പത്തുദിവസത്തിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു.
വന്‍ ഫീസ‌് ഈടാക്കുന്ന മിക്ക സിബിഎസ‌്‌ഇ സ്കൂളുകളിലും അവശ്യ സൗകര്യങ്ങളില്ലെന്ന പരാതി വിദ്യാര്‍ഥികളില്‍നിന്നും അവരുടെ രക്ഷിതാക്കളില്‍നിന്നും വ്യാപകമായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന‌് വിവിധ ജില്ലകളില്‍ സിബിഎസ‌്‌ഇ അധികൃതര്‍ നടത്തിയ പരിശോധനയില്‍ അഞ്ചല്‍ ശബരിഗിരി റസിഡന്‍ഷ്യല്‍ സ്കൂള്‍ സുരക്ഷിതമായ ക്ലാസ‌്റൂമുകള്‍, ആവശ്യത്തിന‌് ബാത‌്റും തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ ഇല്ലാതെയാണ‌് പ്രവര്‍ത്തിക്കുന്നതെന്ന‌് കണ്ടെത്തി.

കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 45 വിദ്യാര്‍ഥികളെ സ്കൂളില്‍ അനധികൃതമായി പഠിപ്പിക്കുന്നതായും കണ്ടെത്തി. മാത്രമല്ല, ചട്ടത്തിന‌് വിരുദ്ധമായി സ്കൂള്‍ നേരിട്ട‌് വിദ്യാര്‍ഥികള്‍ക്ക‌് പുസ്തകം വില്‍ക്കുന്നതായും കണ്ടെത്തി. സിബിഎസ‌്‌ഇ 390 രൂപയ്ക്ക‌് നല്‍കുന്ന പുസ്തകം സ്കൂള്‍ അധികൃതര്‍ 455 രൂപയ്ക്കാണ‌് വിദ്യാര്‍ഥികള്‍ക്ക‌് വിറ്റിരുന്നത‌്. സ്കൂള്‍കെട്ടിടത്തില്‍ അനധികൃതമായി എന്‍ട്രന്‍സ‌് കോച്ചിങ‌് സെന്റര്‍ പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തി. ഇതേതുടര്‍ന്ന‌് സ്കൂളിന‌് രണ്ടുലക്ഷം രൂപ പിഴ ചുമത്തി.

മുഖത്തല നവദീപ‌് പബ്ലിക‌് സ്കൂളില്‍നിന്ന‌് ടിസി വാങ്ങുന്ന വിദ്യാര്‍ഥികളില്‍നിന്ന‌് 150 രൂപയും സ്കൂള്‍ വികസന ഫണ്ട‌് എന്ന പേരില്‍ വന്‍തുകയും ഈടാക്കുന്നതായും കണ്ടെത്തി. സ്കൂളിന‌് 50,000 രൂപ പിഴ ചുമത്തിയ സിബിഎസ‌്‌ഇ രണ്ട‌് സ്കൂളുകളോടും പത്തുദിവസത്തിനകം വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.

