KOYILANDY DIARY

The Perfect News Portal

ഡോ: കെ.എം.സച്ചിൻ ബാബു സൂപ്രണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു

കൊയിലാണ്ടി: ആരോഗ്യ സേവനരംഗത്ത് കർമ്മനിരതമായ പതിനെട്ട് വർഷം പൂർത്തിയാക്കിയ  കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ: കെ.എം.സച്ചിൻ ബാബു സ്ഥാനചലനത്തിന് വിധേയനാവുന്നു. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ സൂപ്രണ്ട് എന്ന നിലയിലാണ് ഇക്കാലമത്രയും അദ്ദേഹം തന്റെ കർത്തവ്യ ബോധം നിറവേറ്റിയത്.

കോഴിക്കോട് ജില്ലാ ആശുപത്രിയായ ബീച്ച് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടായാണ് സ്ഥലമാറ്റം. 2000-ൽ അസിസ്റ്റന്റ് സർജനായാണ് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ചാർജെടുത്തത്. ഇതേ വർഷം തന്നെ ആർ.എം.ഒ.ആയി ചുമതലയേറ്റു. ഇതിനിടയിൽ കൊയിലാണ്ടിയുടെ ആതുര ശിശ്രൂഷ രംഗത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 2005 ൽ മറ്റ് താലൂക്ക് ആശുപത്രികളിലില്ലാത്ത ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. 2010 വരെ ഈ സംവിധാനത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. 2011 – ലാണ് ആശുപത്രിയുടെ സൂപ്രണ്ട് ചുമതല ഏറ്റെടുത്തത്. ആശുപത്രിയുടെ പുതിയ ആറു നിലകെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതും ഉദ്ഘാടനം ചെയ്യുന്നതും ഡോക്ടറുടെ സേവനകാലത്താണ്. കെട്ടിട നിർമ്മാണത്തിൽ ഉയർന്ന് വന്ന തടസ്സങ്ങളും കാലതാമസവും തീർക്കുന്നതിൽ അദ്ദേഹം നിർണ്ണായകമായ പങ്ക് വഹിച്ചു.

ആശുപത്രിയുമായി ബന്ധപ്പെട്ട  ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്ഥലം എം.എൽ.എ കെ.ദാസൻ  നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി തുടങ്ങി ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുമായി കൈകോർത്തുകൊണ്ട് നടപ്പിലാക്കാൻ മുൻകൈയെടുത്തു. ആശുപത്രിയിൽ ഇപ്പോൾ  24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക ലാബ് സൗകര്യം, ഇ.സി.ജി, പ്രത്യേക ട്രാൻസ്ഫോർമർ, ഒ.പി. വെയിറ്റിംഗ് ഏരിയ, ആധുനിക മോർച്ചറി, ട്രോമാകെയർ കാഷ്വാലിറ്റി, കാരുണ്യ ഫാർമസി, ഫിസിയോതെറാപ്പി സെന്റർ, ആശുപത്രിക്ക് സ്വന്തമായി പാലിയേറ്റീവ് സംവിധാനം തുടങ്ങിയവ ഇത്തരത്തിലുടെ നേടിയെടുത്തതാണ്.

Advertisements

കൂടാതെ പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള മെറ്റേണറ്റി സംവിധാനം, മെഡിക്കൽ റെക്കോർഡ് ലൈബ്രറി, ഡയാലിസിസ് സംവിധാനം, മെഡിക്കൽ ഗ്യാസ് സംവിധാനം, സി.ടി.സ്കാൻ, തുടങ്ങിയവയുടെ പ്രവൃർത്തി പുരോഗമിച്ചു വരികയാണ്. ഇതിനു പുറമെ ഗൈനക്കോളജി വിഭാഗത്തിൽ ത്രീ.ഡി.എച്ച്.ഡി.ലാ പ്രോസ്കോപിക് സംവിധാനവും ഉടൻ നിലവിൽ വരും. ഒ.പി. കൗണ്ടർ, പാസ് കൗണ്ടർ നവീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. പുതിയ കാന്റിൻ ആരംഭിക്കുന്നതിനുള്ള കെട്ടിടത്തിന്റെ പ്രവൃർത്തിയും പുരോഗമിക്കുന്നുണ്ട്. ഇത്രയും പ്രവർത്തികൾക്ക് ശേഷമാണ് ഡോക്ടർ സച്ചിൻ ബാബു സംതൃപ്തിയോടെ പടിയിറങ്ങുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *