KOYILANDY DIARY.COM

The Perfect News Portal

ഡെപ്യൂട്ടി സ്പീക്കര്‍ ആയി വി.ശശിയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം>14ാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി ഭരണകക്ഷിയിലെ വി.ശശിയെ തെരഞ്ഞെടുത്തു. 90 വോട്ടാണ് വി ശശിക്ക് ലഭിച്ചത്. പ്രതിപക്ഷത്തു നിന്ന് മല്‍സരിച്ച ഐ.സി ബാലകൃഷ്ണന് 45 വോട്ടുകള്‍ ലഭിച്ചു.ഒരു വോട്ട് അസാധുവായി.

92 അംഗങ്ങളുടെ പിന്തുണയാണ് ഭരണപക്ഷത്തിനുണ്ടായിരുന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധി അടക്കമാണ് ഇത്.  ഇതില്‍ സ്പീക്കര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ഭരണപക്ഷത്ത് ചിറ്റൂര്‍ എംഎല്‍എ കെ കൃഷ്ണന്‍ കുട്ടി സഭയിലെത്തിയിരുന്നില്ല.

ചിറയിന്‍കീഴ് എം.എല്‍.എയായ സിപിഐയുടെ വി.ശശി തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട് മുന്‍മന്ത്രി പി.കെ രാഘവന്റെ പ്രെെവറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു . ഇത് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.

Advertisements

യുഡിഎഫിന്റെ  47 അംഗങ്ങളില്‍ 45 പേരാണ് ഇന്ന് സഭയില്‍ ഹാജരായിരുന്നത്.പ്രതിപക്ഷ എംഎല്‍എമാരായ സി.മമ്മൂട്ടി എംഎല്‍എ ഉംറ ചെയ്യാന്‍ പോയതിനാലും അനൂപ് ജേക്കബ് വിദേശത്തായതിനാലുമാണ് സഭയില്‍ എത്താതിരുന്നത്.  പി സി ജോര്‍ജ് വോട്ട് ചെയ്തിട്ടുണ്ട്. ബിജെപി അംഗം ഒ.രാജഗോപാല്‍ ഇന്ന് പാലക്കാട് പോകുന്നതിനാല്‍ സഭയില്‍ എത്തിയിട്ടില്ല. അസാധുവോട്ട് പി സി ജോര്‍ജിന്റെതാണ്. എന്തുകൊണ്ട് നോടയില്ല എന്ന് ബാലറ്റ് പേപ്പറില്‍ എഴുതി ഒപ്പിടുകയാണ് പി സി ജോര്‍ജ് ചെയ്തത്. ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് നിയമസഭയില്‍ തെരഞ്ഞടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിശദീകരിച്ചു. രഹസ്യബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് ചോര്‍ന്നിരുന്നു. പരിചയകുറവാണ് വോട്ട് ചോര്‍ച്ചക്കിടയാക്കിയതെന്നായിരുന്നു അന്ന് വിശദീകരണം. അന്ന് പി സി ജോര്‍ജ് വോട്ട് അസാധുവാക്കുകയായിരുന്നു. ഒ രാജഗോപാല്‍ എല്‍ഡിഎഫിനാണ് അന്ന് വോട്ട് നല്‍കിയത്.  ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഇന്നലെ ഉച്ചയ്ക്ക് 12 വരെയാണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കാനുള്ള സമയം അനുവദിച്ചിരുന്നത്.

 

Share news