ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പൂജപ്പുരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതികളും ക്രിമിനല്‍ സംഘത്തിലുള്പ്പെട്ടവരുമായ പല്ലന് സുരേഷ് ,ആലമ്പ്ര അജി, സിംഹം ധനേഷ്, വിനോദ്, കിരണ്‍, കാരാളി സജിത്ത്, ശ്രീജിത്ത് ഉണ്ണി എന്നിവരാണ് പിടിയിലായത്.
ഡി.വൈ.എഫ്.ഐ തേലിഭാഗം യൂണിറ്റ് കമ്മിറ്റിയംഗം ക്ലിന്റിനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. ഇന്നലെ രാത്രി 7.45ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് പുന്നയ്ക്കാമുഗള്‍ പള്ളിത്തറ ജംഗ്ഷനില്‍ നില്ക്കുമ്പോള് ബൈക്കില്‍ മാരകായുധങ്ങളുമായി എത്തിയ സംഘം ക്ലിന്റിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ക്ലിന്റിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാള് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്ലിന്റിന്റെ തലയിലും ഇടതുകൈയിലും വയറ്റിലും വെട്ടേറ്റിട്ടുണ്ട്. തലയില്‍ രണ്ടിടത്ത് ആഴത്തില്‍ മുറവുണ്ട്. ക്ലിന്റിന്റെ നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടിയതോടെയാണ് അക്രമി സംഘം പിന്തിരിഞ്ഞത്. ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെയാണ് അക്രമി സംഘത്തിലുണ്ടായിരുന്ന പല്ലന് സുരേഷ് പൊലീസിന്റെ പിടിയിലായത്. രണ്ട് ദിവസം മുമ്പും ക്ളിന്റും സംഘത്തിലെ ചിലരുമായുണ്ടായ വാക്കു തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സി.പി.എം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്, ചാല ഏരിയാ സെക്രട്ടറി എസ്.എ. സുന്ദര്‍ എന്നിവര്‍ ആശുപത്രിയിലെത്തി ക്ലിന്റിനെ സന്ദര്‍ശിച്ചു.
