KOYILANDY DIARY

The Perfect News Portal

ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണം

ബംഗളുരു: വാലന്റൈന്‍സ് ഡേ വിവാദങ്ങള്‍ക്ക് ശേഷം മംഗലാപുരത്ത് പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്. ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും ഡിസംബര്‍ 31ന് രാത്രി 12 മണിയോടെ എല്ലാവരും പുതുവത്സര ആഘോഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നുമാണ് ഹിന്ദുസംഘടനകള്‍ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വാലന്റൈന്‍സ് ഡേയില്‍ അനാശാസ്യം നടക്കുന്നുവെന്നാരോപിച്ച്‌ സ്ത്രീകള്‍ അടക്കമുള്ളവരെ ഹിന്ദുസംഘടനകള്‍ അക്രമിച്ചിരുന്നു. ശ്രീരാമസേന അടക്കമുള്ള സംഘടനകളാണ് യുവാക്കള്‍ക്ക് നേരെ ആകമണം അഴിച്ചുവിട്ടത്. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം.

ബജ്രംഗ്ദള്‍, വിഎച്ച്‌പി തുടങ്ങിയ സംഘടനകളാണ് വിലക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ആഘോഷപരിപാടികളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ഇവര്‍ നഗരത്തിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങള്‍ 12 മണിക്ക് മുന്‍പ് കഴിയുന്ന വിധത്തില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസിനെയും സമീപിച്ചിട്ടുണ്ട്.

Advertisements

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ലൈംഗികതയ്ക്കും ലഹരി ഉപയോഗത്തിനുമുള്ള അവസരങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദുസംഘടനകള്‍ രാത്രിയിലെ ആഘോഷങ്ങളെ എതിര്‍ക്കുന്നത്.

എന്നാല്‍ ആഘോഷങ്ങളെ വിലക്കാനോ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ ഇത്തരം സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ യാതൊരു അധികാരവുില്ലെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പ്രതികരിച്ചു. എല്ലാവര്‍ഷവും ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാറുള്ളതാണെന്നും ഇതൊന്നും വിലപ്പോവില്ലെന്നും റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബംഗളുരുവില്‍ പുതുവര്‍ഷ പരിപാടിയില്‍ സണ്ണിലിയോണ്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്ത് കന്നട രക്ഷണവേദികെ യുവസേന എന്ന സംഘടന രംഗത്തെത്തിയിരുന്നു. സണ്ണിലിയോണിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അങ്ങനൊരാളെ പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുപ്പിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് അപമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംഘടന സണ്ണിലിയോണിനെ എതിര്‍ത്തത്.

പ്രതിഷേധം ശക്തമായതോടെ പൊലീസും നിസ്സഹായരാവുകയായിരുന്നു. പിന്നീട് സണ്ണി ലിയോണ്‍ തന്നെ താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയും ചെയ്തു. പൊലീസിന് തന്റെ സുരക്ഷ ഉറപ്പുനല്‍കാന്‍ കഴിയാത്തതിനാല്‍ താന്‍ പങ്കെടുക്കുന്നില്ലെന്നായിരുന്നു ട്വീറ്റ്.

ഹിന്ദു സംഘടകളുടെ എതിര്‍പ്പുകളെത്തുടര്‍ന്ന് എല്ലാ വര്‍ഷവും എന്തെങ്കിലും വിവാദങ്ങളുണ്ടാകാറുള്ളതിനാല്‍ ഇപ്രാവശ്യം പൊലീസ് കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *