KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കോഴിക്കോട്

കോഴിക്കോട്: ഡിവൈഎഫ്‌ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് ഒരുങ്ങി. ഈ മാസം 11 മുതല്‍ 14 വരെയാണ് സമ്മേളനം. 12 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായിനാഥ് ഉദ്ഘാടനം ചെയ്യും. 14 ന് വൈകീട്ട് നടക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം വലിയ വിജയമാക്കാനുള്ള തയ്യാറെടുപ്പുകള്‍ കോഴിക്കോട് പൂര്‍ത്തിയായി വരുന്നു. ആദ്യമായി കോഴിക്കോട് വേദിയാകുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നിരവധി പരിപാടികള്‍ ഇതിനകം സംഘടിപ്പിച്ചു.

11 ന് വൈകീട്ട് പൊതുസമ്മേളന നഗരിയായ കടപ്പുറത്ത് പതാക ഉയരും. 12 മുതല്‍ 14 വരെയാണ് പ്രതിനിധി സമ്മേളനം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി സായിനാഥ് 12 ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 5 ട്രാന്‍സ്ജെന്റര്‍ പ്രതിനിധികളും 136 വനിതകളുമടക്കം 623 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

Advertisements

സമ്മേളനത്തിന് സമാപനം കുറിച്ച്‌ ഒരു ലക്ഷം പേര്‍ അണിനിരക്കുന്ന യുവജന റാലി 14 ന് വൈകീട്ട് കടപ്പുറത്തെ ഫിദല്‍ കാസ്ട്രോ നഗറില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച്ച പതാക, കൊടിമര, ദീപശിഖാ റാലികള്‍ ആരംഭിക്കും. കൂത്ത്പറമ്ബ് രക്തസാക്ഷി സ്ക്വയറില്‍ നിന്നാണ് സംസ്ഥാന ട്രഷറര്‍ പി ബിജുവിന്റെ നേതൃത്വത്തില്‍ പതാക ജാഥ തുടങ്ങുക. നാദാപുരം ഷിബിന്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖാ ജാഥ, കേന്ദ്രകമ്മിറ്റി അംഗം വി പി റജീനയും ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള കൊടിമര ജാഥ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് കെ സജീഷും നയിക്കും.

സമ്മേളനത്തിന്റെ ഭാഗമായി സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ഉദ്ഘാടനം ചെയ്യുന്ന ദേശീയ സെമിനാര്‍ മുതലക്കുളത്ത് ശനിയാഴ്ചയാണ്. പുസ്തകോത്സവം, സാംസ്ക്കാരിക സായാഹ്നം എന്നിവ നടന്നു വരുന്നു. മോദി സര്‍ക്കാരിന്റെ നാലര വര്‍ഷങ്ങള്‍ തുറന്നു കാട്ടുന്ന ‘അസ് ലി ദിന്‍’ എന്ന പേരിട്ട ഡിജിറ്റല്‍ എക്സിബിഷന്‍ നാളെ ആരംഭിക്കും.

കോഴിക്കോട് നടന്ന വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി മോഹനന്‍, കണ്‍വീനര്‍ പി നിഖില്‍, യുവജന നേതാക്കളായ എസ് കെ സജീഷ്, വി വസീഫ് തുടങ്ങിയര്‍ പങ്കെടുത്തു

Share news

Leave a Reply

Your email address will not be published. Required fields are marked *