ഡിവൈഎഫ്ഐയുടെ കരുതലില്‍ 13 കുടുംബങ്ങള്‍ക്ക് വീടുയരുന്നു
കൊച്ചി > ഡിവൈഎഫ്ഐയുടെ കരുതലില്‍ 13 കുടുംബങ്ങള്‍ക്കായി ഉയരുന്ന വീടുകളുടെ നിര്‍മാണജോലികള്‍ക്ക് സ്വപ്നവേഗം. വീടുകള്‍ 25നകം പൂര്‍ത്തീകരിക്കുന്ന രീതിയില്‍ ദിവസ അജണ്ട നിശ്ചയിച്ചാണ് നിര്‍മാണം. 18ന് തറക്കല്ലിട്ട കളമശേരിയിലെ ദിവാകരന്‍-രതി ദമ്പതികളുടെ വീടിന്റെ വാര്‍ക്കല്‍ ബുധാനാഴ്ച പൂര്‍ത്തിയായി. അടിത്തറയും ഭിത്തിയും ലിന്‍ഡിലുമടക്കം നിര്‍മിക്കാന്‍ എടുത്തത് 17 ദിവസം മാത്രം. മറ്റുള്ള വീടുകളുടെയും ഭിത്തിപൊക്കം പൂര്‍ത്തിയായി. അടുത്ത ശനിയാഴ്ചയോടെ ബാക്കി വീടുകളുടെയും വാര്‍ക്കല്‍ പൂര്‍ത്തിയാക്കും. 13 വീടും 25നകം പൂര്‍ത്തിയാക്കി 30നകം കൈമാറുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ് പറഞ്ഞു. എറണാകുളത്ത് ഫെബ്രുവരി രണ്ടുമുതല്‍ നടക്കുന്ന ദേശീയസമ്മേളനത്തിനോടനുബന്ധിച്ചാണ് ഈ സാമൂഹ്യ ഇടപെടല്‍.
ക്വാറി മേഖലയിലെ സമരങ്ങളും നോട്ട് പ്രതിസന്ധിയുമൊന്നും ഈ കാരുണ്യ പ്രവര്‍ത്തനത്തെ തെല്ലും ബാധിച്ചിട്ടില്ല. തീര്‍ത്തും അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മാണം ആരംഭിച്ചപ്പോള്‍ തന്നെ പ്രദേശവാസികള്‍ അടക്കം സഹായവുമായെത്തിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൂടുതല്‍ ആവേശത്തിലാക്കി. ചിലര്‍ തങ്ങളുടെ വീട്ടില്‍ ബാക്കികിടന്ന മെറ്റലും എംസാന്റും കല്ലും വരെ നിര്‍മാണത്തിനായി സംഭാവന നല്‍കി. അധ്വാനം മുഴുവന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനമായി നല്‍കുന്നു. അങ്കമാലി ബ്ളോക്ക് കമ്മിറ്റി രണ്ടുപേര്‍ക്കും കളമശേരി, പറവൂര്‍, എറണാകുളം, കൊച്ചി, പെരുമ്പാവൂര്‍, കോലഞ്ചേരി, വൈറ്റില, കൂത്താട്ടുകുളം, കോതമംഗലം, തൃപ്പൂണിത്തുറ, ആലുവ ബ്ളോക്ക് കമ്മിറ്റികള്‍ ഓരോ വീടുമാണ് നിര്‍മിച്ചു നല്‍കുന്നത്.

പറവൂരില്‍ പുറമ്പോക്കില്‍ കഴിഞ്ഞ മൂത്തകുന്നം പറയില്‍ കവലയില്‍ വാഴേപറമ്പില്‍ വിധവയായ സുമയുടെ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. എറണാകുളത്ത് മുന്‍ യുഡിഎഫിന്റെ കാലത്ത് കസ്റ്റഡിയില്‍ മരിച്ച ബിനീഷ് കുടുംബത്തിന്റെ ആശ്രമമായിരുന്നു. ബിനീഷിന്റെ മാതാപിതാക്കളായ സബ്രഹ്മണ്യന്റെയൂം സരോജിനിയുടെയും സംരക്ഷണയാണ് ഡിവൈഎഫ്ഐ ഏറ്റെടുത്തത്. കൊച്ചിയില്‍ 83കാരിയായ നസ്രത്തിലെ മേരിക്കാണ് കൂരയൊരുങ്ങുന്നത്. അഞ്ചുമക്കളില്‍ ഒരാള്‍ മാനസിക വൈകല്യവും ഒരാള്‍ ബധിരമൂകനുമാണ്. പെരുമ്പാവൂരില്‍ മുടക്കുഴ, തൃക്കേപ്പാറയില്‍ വിദ്യാര്‍ഥികളായ മൂന്നു പെണ്‍കുട്ടികളെയടക്കം നാലുമക്കളുമായി ഷെഡില്‍ താമസിക്കുന്ന വിധവയായ കെ പി ഷൈനിക്കാണ് ഡിവൈഎഫ്ഐ സുരക്ഷയൊരുക്കുന്നത്.

കോലഞ്ചേരി പൂണ്ടിമലയില്‍ കുരുളശില്‍ വട്ടപ്പറമ്പില്‍ കൃഷ്ണനും ഭാര്യ സനിലയും വാതില്‍പോലുമില്ലാത്ത കൂരയില്‍ മൂന്നു പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് കഴിഞ്ഞിരുന്നത്. ഇവര്‍ക്കും ജനവരി അവസാനം അടച്ചുറപ്പുള്ള വീട് ഒരുങ്ങും. വൈറ്റിലയില്‍ വേലിയേറ്റ സമയത്ത് വീട്ടില്‍ വെള്ളം കയറുന്നതിനാല്‍ മറ്റ് വീടുകളില്‍ അന്തിയുറങ്ങിയ കടവന്ത്ര പണ്ടാരച്ചിറയില്‍ വര്‍ഗീസിനാണ് വീട് ഒരുങ്ങുന്നത്. രണ്ട് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം വീട് പൂര്‍ത്തികരണത്തിനായി ഒപ്പമുണ്ട്. കൂത്താട്ടുകുളത്ത് പിറവം പാലച്ചുവടില്‍ കെ ആര്‍ രാമകൃഷ്ണന്റെ വിധവയ്ക്കാണ് വീട് നിര്‍മിച്ചുനല്‍കുന്നത്. രണ്ടു മക്കളടങ്ങുന്ന കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.

കോതമംഗലത്ത് ഡിവൈഎഫ്ഐ നിര്‍മിക്കുന്ന വീട് പൂര്‍ത്തിയാകുമ്പോള്‍ അത് ഒരു കുടുംബത്തിന്റെ കൂടിച്ചേരല്‍ കൂടിയാകും. നെല്ലിക്കുഴി വടക്കേമാലി കോളനയില്‍ വട്ടക്കുടി വീട്ടില്‍ ഫാത്തിമയും ഉമ്മ റഷീദയും ഇപ്പോള്‍ ആലുവ അഗതിമന്ദിരത്തിലാണ് താമസം. മക്കള്‍ യത്തീംഖാനയിലും. തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥികളായ രണ്ടു മക്കളുമായി ഷെഡില്‍ കഴിയുന്ന വിധവയായ ശോഭക്കുട്ടന്റെ കുടുംബത്തിനുള്ള വീടിന്റെയും നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകുകയാണ്. ആലുവയില്‍ എടത്തല എന്‍എഡി പാറയില്‍ ആതിത പി മുരളീധരനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
അങ്കമാലിയില്‍ കറുകുറ്റിയിലെ ഞാലൂക്കരയിലും പാലിശേരിയിലും രണ്ട് വീടുകളാണ് ഉയരുന്നത്. പാലിശേരിയിലെ മൂത്തേടന്‍ വര്‍ഗീസും കുടുംബവും ടര്‍പായകൊണ്ട് മറച്ച കൂരയ്ക്ക് പകരമാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഞാലൂക്കരയില്‍ പനങ്ങാട് ഗോപാലകൃഷ്ണന്റെ കുടുംബത്തിനുള്ള വീടിന്റെ നിര്‍മാണവും പുരോഗമിക്കുന്നു
