KOYILANDY DIARY

The Perfect News Portal

ഡയസെപാം ഐ പി മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍ കേന്ദ്രീകരിച്ച്‌ അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീമിന്റെ പിടിയിലായി. ആലുവ ചുണങ്ങംവേലി സ്വദേശി, ഒസാരി ഹൗസില്‍, അബ്ദുള്‍ റഷീദ് (34) നെയാണ് ഇന്‍സ്‌പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം പിടികൂടിയത്.

ഉപഭോക്താക്കള്‍ക്കിടയില്‍ ഫ്രഞ്ച് ഫ്രൈയ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന 105 എണ്ണം ഡയസെപാം ഐ പി മയക്കുമരുന്ന് ഗുളികകള്‍ ആണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത്. കേരളത്തില്‍ തന്നെ ഇത് ആദ്യമായാണ് ഇത്രയും ഏറെ ഡയസെപാം മയക്ക് മരുന്നുകള്‍ പിടിച്ചെടക്കുന്നത്.

ചികിത്സയുടെ ഭാഗമായി രോഗികളെ മയക്കുന്നതിനും, അമിതമായ ഭയം, ഉത്കണ്ഠ പോലുള്ള മാനസ്സിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായും നല്‍കുന്നവയാണ് ഇവ. ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍ രൂപപ്പെടുത്തിയ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍ ‘ ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നത്.

Advertisements

അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികളില്‍ മയക്ക് മരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച്‌ നേരത്തേ തന്നെ ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മയക്കുമരുന്നുമായി അബ്ദുള്‍ റഷീദ് പിടിയിലാകുന്നത്. ഇയാളുടെ സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വിവരങ്ങള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഒരു വിദേശിയില്‍ നിന്നാണ് ഇയാള്‍ മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതായാണ് എക്‌സൈസിന് ലഭിച്ച സൂചന. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

റേവ് പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന ന്യൂജന്‍ തലമുറയ്ക്ക് ബെന്‍സോഡിയാസൈപൈന്‍ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്ക് മരുന്നാണ് ഏറെ പ്രിയം എന്നും, കഞ്ചാവ് പോലുള്ള കണ്‍ട്രി ഡ്രഗ്ഗുകള്‍ ഇത്തരം പാര്‍ട്ടികളില്‍ ആരും തന്നെ ഉപയോഗിക്കാറില്ലയെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *