ട്രാന്‍സ്ജെന്‍ഡേഴ്സ് അംഗങ്ങളായ രാജ്യത്തെ ആദ്യയൂണിറ്റ് രൂപീകരിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: നക്ഷത്രാങ്കിത ശുഭ്രപതാക കൈയ്യിലേന്താന്‍ ഇനി ട്രാന്‍സ്ജെന്‍ഡേഴ്സും. ട്രാന്‍സ്ജെന്‍ഡേഴ്സ് അംഗങ്ങളായ രാജ്യത്തെ ആദ്യയൂണിറ്റ് രൂപീകരിച്ച് ഡിവൈഎഫ്‌ഐ ലിംഗസമത്വത്തിന്റെ പുതുഅധ്യായം എഴുതിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡേഴ്സ് നയിക്കുന്ന ആദ്യയൂണിറ്റെന്ന സവിശേഷതയും തലസ്ഥാനജില്ലയില്‍ രൂപീകരിച്ച ഡിവൈഎഫ്‌ഐ പിഎംജി യൂണിറ്റിന് സ്വന്തം.
11 പേരടങ്ങുന്ന കമ്മിറ്റിയില്‍ ഒമ്പത് പേരും ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗത്തില്‍ നിന്നാണ്. ട്രാന്‍സ്ജെന്‍ഡേഴ്സ് ജസ്റ്റിസ്ബോര്‍ഡ് അംഗവും അഭിനേതാവുമായ സൂര്യ അഭിലാഷാണ് യൂണിറ്റ് പ്രസിഡന്റ്. ശ്യാമ എസ് പ്രഭയാണ് സെക്രട്ടറി. ഇവര്‍ക്ക് പുറമെ വൈസ് പ്രസിഡന്‍ുമാരായ സന്ധ്യ രാജേഷ്, അസ്മ, ജോയിന്റ്സെക്രട്ടറിമാരായ കീര്‍ത്തി, വൈഷ്ണവി, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ അച്ചു, ദിയ, അഭി എന്നിവരും ട്രാന്‍സ്ജെന്‍ഡേഴ്സാണ്.

ഡിവൈഎഫ്‌ഐ അംഗമാകാന്‍ കഴിഞ്ഞതിലും നേതൃസ്ഥാനം വഹിക്കുന്നതിലും വളരെ അഭിമാനമുണ്ടെന്ന് സൂര്യ അഭിലാഷ് പ്രതികരിച്ചു. ഞങ്ങളെ പോലുള്ളവര്‍ക്കും സമൂഹത്തില്‍ ഇടമുണ്ടെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. സഖാക്കളായി ഞങ്ങളെയും പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും അവകാശപ്പോരാട്ടങ്ങളില്‍ മുന്‍നിരയിലുണ്ടാകുമെന്നും സൂര്യ പറഞ്ഞു. സ്വാഗതാര്‍ഹമായ തീരുമാനമെന്ന് ശ്യാമ എസ് പ്രഭ പ്രതികരിച്ചു. ഞങ്ങളെ തുല്യരായി കണക്കാക്കി മുഖ്യധാരയില്‍ എത്തിക്കാന്‍ ശ്രമംനടത്തിയത് ഡിവൈഎഫ്‌ഐ ആണ്. കൂടുതല്‍ പിന്തുണ ലഭിക്കുന്നത് ഡിവൈഎഫ്‌ഐയില്‍നിന്നും സിപിഐ എമ്മില്‍ നിന്നുമാണ്. ഞങ്ങള്‍ക്കായി ഒരുപാട് കാര്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയതായും ശ്യാമ പറഞ്ഞു.

യൂണിറ്റ് രൂപീകരണവും ട്രാന്‍സ്ജെന്‍ഡേഴ്സിനുള്ള മെമ്പര്‍ ഷിപ്പ് വിതരണവും ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഐ സാജു നിര്‍വഹിച്ചു. ജില്ലാട്രഷറര്‍ ഐ പി ബിനു, പാളയം ബ്ളോക്ക് സെക്രട്ടറി എസ് ഷാഹിന്‍ എന്നിവര്‍ സംസാരിച്ചു. ട്രാന്‍സ്ജെന്‍ഡേഴ്സിനെ മുഖ്യധാരയിലെത്തിക്കാനും അംഗത്വത്തില്‍ ഉള്‍പ്പെടുത്താനുമുള്ള അഖിലേന്ത്യാ സമ്മേളനത്തിന്റെ തീരുമാനം പരിഗണിച്ചാണ് തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ ഇടപെടല്‍.

