KOYILANDY DIARY

The Perfect News Portal

ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020- ല്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:  കേരളത്തിന്റെ വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് 24 മണിക്കൂറും ഗുണനിലവാരമുളള വൈദ്യുതി ലഭ്യമാക്കുന്നതിനുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020- ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കി. ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും വൈദ്യുതി എത്തിക്കുന്ന 400 കെ.വി, 220 കെ.വി. ലൈനുകള്‍ ശക്തിപ്പെടുത്തുന്നതിനുളള പദ്ധതിയാണിത്.

ഇതു പൂര്‍ത്തിയാകുമ്ബോള്‍ വടക്കന്‍ കേരളത്തിലും പത്തനംതിട്ട ഉള്‍പ്പടെയുളള ജില്ലകളിലും ഇപ്പോള്‍ അനുഭവപ്പെടുന്ന വോള്‍ട്ടേജ് കുറവിന് പരിഹാരമാകും. 9715 കോടി രൂപ ചെലവുവരുന്ന പദ്ധതി രണ്ട് ഘട്ടമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 5623 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 4092 കോടി രൂപയുമാണ് ചെലവ്.

ഇപ്പോള്‍ ശരാശരി 2900 മെഗാവാട്ട് വൈദ്യുതിയാണ് കേരളം പുറത്തുനിന്ന് വാങ്ങുന്നത്. അത് 2022-ല്‍ 4000 മെഗാവാട്ട് ആകുമെന്നാണ് കണക്കാക്കുന്നത്. അത്രയും വൈദ്യുതി തടസമില്ലാതെ കൊണ്ടുപോകുന്നതിന് പ്രസരണ ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. 72 പ്രവൃത്തികളുളള 23 പാക്കേജായാണ് ഈ പദ്ധതി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. മൂന്നു പാക്കേജിനുളള ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു.

Advertisements

പ്രവൃത്തി ഇ.പി.സി (എഞ്ചിനീയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍) അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്ബനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (പി.ജി.സി.ഐ.എ ) ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു.

വൈദ്യുതി ബോര്‍ഡില്‍ നിലവിലുളള ഇ-ടെണ്ടര്‍ സമ്ബ്രദായത്തിന് പകരം റിവേഴ്സ് ബിഡ്ഡിങ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. റിവേഴ്സ് ബിഡ്ഡിങ്ങില്‍ ഒരു കമ്ബനിയോ ഏജന്‍സിയോ ക്വാട്ട് ചെയ്ത തുക മറ്റുളളവര്‍ക്ക് കാണാനും അതനുസരിച്ച്‌ നിരക്ക് കുറച്ചുനല്‍കാനും കഴിയും. സുതാര്യമായ ഈ പ്രക്രിയക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടാകും. മത്സരാധിഷ്ഠിതമായി ഏറ്റവും കുറഞ്ഞനിരക്കില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്യാന്‍ ഇതുവഴി കഴിയും. ഉല്പന്നമോ സേവനമോ ഓഫര്‍ ചെയ്യുന്ന കമ്ബനികള്‍ക്കിടയില്‍ തുറന്ന മത്സരത്തിന് റിവേഴ്സ് ബിഡ്ഡിങ്ങ് അവസരമൊരുക്കും.

യോഗത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി, ഊര്‍ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കോഓര്‍ഡിനേഷന്‍) വി.എസ്. സെന്തില്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *