KOYILANDY DIARY

The Perfect News Portal

ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകും

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജ് രാജിവച്ചതോടെ മുന്‍പ്രസിഡന്റ് ടിപി ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ പേര് സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ടി.പി. ദാസന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷനാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്ന ടിപി ദാസന്‍ സ്പോര്‍ട്സ് ലോട്ടറിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിട്ടിരുന്നു. അഴിമതി ആരോപണമുയര്‍ന്നതിന്റെ പേരില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച അഞ്ജു ബോബി ജോര്‍ജും മുന്‍കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമടക്കമുള്ളവരും ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ രാജിവച്ച സാഹചര്യത്തില്‍ സംഘടനയുടെ നടത്തിപ്പിനായി താല്‍കാലിക അഡ്ഹോക്ക് കമ്മിറ്റി രൂപികരിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ നേതാവ് ഒ.കെ. വിജീഷ്, ആര്‍ച്ചറി ഫെഡറേഷന്‍ ഭാരവാഹി എം.ആര്‍. രഞ്ജിത്ത്, ജിംനാംസ്റ്റിക് അസോസിയേഷന്‍ നേതാവ് ശശിധരന്‍ എന്നിവരെ ഉള്‍പ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റിയുണ്ടാക്കാനാണ് നീക്കം.

Advertisements

അതേസമയം, അഞ്ജു ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്നലെ രാജിവെച്ചെങ്കിലും താല്‍കാലം രാജിവയ്ക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിയമിച്ച ജില്ലാ കൗണ്‍സിലുകളുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ചില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുനസംഘടിപ്പിക്കപ്പെട്ടതാണ് ജില്ലാ കൗണ്‍സിലുകള്‍.

സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളോട് സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ച സ്ഥിതിക്ക് രാജിവച്ചൊഴിയേണ്ടതില്ലെന്നും വേണമെങ്കില്‍ സര്‍ക്കാര്‍ പിരിച്ചു വിടട്ടെ എന്നുമുള്ള നിലപാടിലാണ് ജില്ലാ കൗണ്‍സിലുകള്‍.