KOYILANDY DIARY

The Perfect News Portal

ജൈവപച്ചക്കറിയുടെ വില കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

തിരുവനന്തപുരം: ജൈവപച്ചക്കറിയുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി ദിവാകരന്‍, കെ രാജന്‍, ഗീത ഗോപി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കര്‍ഷകരെ സഹായിക്കുന്നതിനായി വിത്ത് മുതല്‍ മാര്‍ക്കറ്റ് വരെ ശൃംഖലാ സംവിധാനങ്ങള്‍ സ്ഥാപിക്കും. ജൈവ പച്ചക്കറിയുടെ വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.

വിലകുറയ്ക്കുന്നതിന് ഈ രംഗത്ത് യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. അതേ സമയം തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പച്ചക്കറിയുടെയത്ര ജൈവപച്ചക്കറിക്ക് വിലകുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പിന് കീഴിലുള്ള 64 ഫാമുകളില്‍ തരിശു കിട്ടുന്ന ഭൂമി കൃഷി യോഗ്യമാക്കുന്നതിന് അടിയന്തിര സ്വഭാവത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. സംസ്ഥാനത്ത് പോളി ഹൗസുകള്‍ക്ക് അനുയോജ്യമായ വിത്തുകള്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്‍ഷിക സര്‍വ്വകലാശാലയും സര്‍ക്കാരും ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരുന്നൂറോളം നാടന്‍ നെല്‍ വിത്തുകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഇവയില്‍ പലതും അന്യം നിന്നു. അതുകൊണ്ടാണ് പരമ്പരാഗത വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിത്ത് ബാങ്ക് സ്ഥാപിക്കാന്‍ പദ്ധതി ഇടുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സംസ്ഥാനത്ത് അഞ്ച് ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ഫ്രീസിങ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മൂന്നാറില്‍ മാത്രമാണ് ഫ്രീസിങ് യൂണിറ്റുള്ളത്.