ജിഷാവധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു
കൊച്ചി > ജിഷാവധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു. കൊലയാളിയുടെ ഡിഎന്‍എ ഉറപ്പിക്കുന്നതിന് സഹായകരമായ തെളിവുകളാണ് ലഭിച്ചത്. ജിഷയുടെ നഖത്തില്‍ കണ്ടെത്തിയ ചര്‍മകോശങ്ങളില്‍നിന്നും വാതില്‍കൊളുത്തില്‍ പുരണ്ട രക്തത്തില്‍നിന്നുമാണ് ഡിഎന്‍എ കിട്ടിയത്. ജിഷയുടെ ശരീരത്തില്‍ കടിയേറ്റപാടില്‍നിന്ന് ആദ്യം തിരിച്ചറിഞ്ഞതും ഇതേ ഡിഎന്‍എയാണ്. കൊലയാളിക്ക് പരുക്കേറ്റിരുന്നുവെന്നതിനും ഇപ്പോള്‍ ലഭിച്ച ഡിഎന്‍എയിലൂടെ തെളിവായി.
ജിഷയുടെ പുറത്ത് കടിയേറ്റ പാടില്‍നിന്നാണ് കൊലയാളിയുടെ ഡിഎന്‍എ മുന്‍പുതന്നെ ലഭിച്ചിരുന്നു. ജിഷയുടെ വസ്ത്രത്തിലും കൊലയാളിയുടെ ഉമിനീര്‍ കലര്‍ന്നിരുന്നു. ഇതിനോട് ചേരുന്ന കൂടുതല്‍ ഡിഎന്‍എ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചത്.

അന്വേഷണത്തിനിടെ കസ്റ്റഡിയിലും അല്ലാതെയും പൊലീസ് ചോദ്യംചെയ്ത രണ്ടായിരത്തിലധികം പേരുമായും ഈ ഡിഎന്‍എ സാംപിള്‍ യോജിച്ചില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതികള്‍ ശക്തമായതോടെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗംതന്നെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘത്തിന് ചുമതല കൈമാറിയിരുന്നു.

