ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് രാജിവച്ചു. രാവിലെ 8.30 ഓടെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ജെഡിഎസിലെ ധാരണകള്‍ പ്രകാരമാണ് മാത്യു ടി തോമസ് രാജിവച്ചിരിക്കുന്നത്.
മാത്യു ടി തോമസിന് പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് സൂചന. നിയമസഭാ സമ്മേളനം നാളെ ആരംഭിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ വൈകാന്‍ സാധ്യതയില്ല. ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടിയും കൈകാര്യം ചെയ്യുക. പാലക്കാട് ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കെ കൃഷ്ണന്‍കുട്ടി.

ഈ മാസം 23 നാണ് മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റാന്‍ ജെഡിഎസ് ദേശീയ നേതൃത്വം തീരുമാനിച്ചത്. രണ്ടര വര്‍ഷം കഴിയുമ്ബോള്‍ മന്ത്രിസ്ഥാനം വച്ചുമാറാനാണ് ജെഡിഎസില്‍ ഉണ്ടായിരുന്ന ധാരണ. ഇത് രണ്ടാം തവണയാണ് കാലാവധി തികയുന്നതിന് മുമ്ബ് മാത്യു ടി തോമസ് രാജിവച്ച് ഒഴിയുന്നത്.

അതേസമയം നിയുക്ത മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരത്തെതന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയെ മാറ്റിക്കൊണ്ടുള്ള ദേശീയ നേതൃത്വത്തിന്റെ കത്ത് അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

