ജമ്മു കശ്മീരില്‍ വന്‍ കാട്ടുതീ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വന്‍ കാട്ടുതീ പടര്‍ന്നു. റേസി ജില്ലയിലെ ത്രിക്കുത്ത മലനിരകളിലാണ് കാട്ടുതീ പടര്‍ന്നു പിടിച്ചിരിക്കുന്നത്. വൈഷ്ണ ദേവി ക്ഷേത്രത്തിനു സമീപം കാട്ടുതീ പടര്‍ന്നത് ആശങ്കയ്ക്ക് വഴിവെച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും തീയണക്കാനുള്ള ശ്രമത്തിലാണ്. ക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രദേശത്തു നിന്നും ഒഴിപ്പിച്ചു.
ക്ഷേത്രത്തിനു സമീപം തീയണക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒഴിപ്പിച്ചവരെ വൈഷ്ണവ ദേവി സര്‍വകലാശാലയിലേക്ക് മാറ്റി. എല്ലാ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. തീ നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അറിയിച്ചു. വനാതിര്‍ത്തിയില്‍ നിന്നും വനത്തിലേക്ക് വിറക് ശേഖരിക്കാനും മറ്റും പോയവരുടെ അശ്രദ്ധയോ മരംമുറി മാഫിയയോ ആയിരിക്കാം തീപിടുത്തതിനു കാരണമെന്ന് അധികൃതര്‍ പറയുന്നു.

