ചേവായൂരില്‍ വീടുകുത്തിതുറന്ന് 30 പവന്‍ ആഭരണങ്ങളും 12,000 രൂപും കവര്‍ന്നു

കോഴിക്കോട്: ചേവായൂരില്‍ വീടുകുത്തിതുറന്ന് 30 പവന്‍ ആഭരണങ്ങളും 12,000 രൂപും കവര്‍ന്നു. ചേവായൂര്‍ ഇരിങ്ങാടംപള്ളി റോഡില്‍ അമ്പിളി നഗറിലെ കൃഷ്‌ണന്‍കുട്ടിയുടെ വീട്ടിലാണു കവര്‍ച്ച നടന്നത്. 12 -ന് അധ്യാപകരായ കൃഷ്‌ണന്‍കുട്ടിയും ഭാര്യയും കുടുംബവും ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നു.
ഇന്നലെ തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതറിയുന്നത്. വീടിന്റെ മുന്നിലെ വാതിലിന്റെ പൂട്ടുപൊളിച്ചാണു മോഷ്‌ടാവ് അകത്തുകയറിയത്. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണവും പണവുമാണു കവര്‍ന്നത്.
സംഭവത്തെ തുടര്‍ന്നു ചേവായൂര്‍ പോലീസ് കേസെടുത്തു. എസ്.ഐ. ആനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിരലടയാള വിദഗ്‌ധരും ഡോഗ്‌സ്ക്വാഡും പരിശോധന നടത്തി.

