ചെറിയമങ്ങാട് കടലോരത്ത് ബി.ജെ.പി. അനുഭാവികൾ ഏറ്റുമുട്ടി യുവാവ് കൊല്ലപ്പെട്ടു

കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്ത് അയൽവാസികളായ ബി.ജെ.പി. അനുഭാവികൾ ഏറ്റുമുട്ടി യുവാവ് കൊല്ലപ്പെട്ടു. ഇന്നലെയായിരുന്നു സംഭവം. മര്‍ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറിയമങ്ങാട് പുതിയ ഫിഷര്‍മെന്‍ കോളനിയ്ക്കടുത്ത് താമസിക്കുന്ന പുതിയപുരയില്‍ പ്രമോദാണ് (44) വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വേലിവളപ്പില്‍ വികാസിനെ (34) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരും ബി.ജെ.പി. അനുഭാവികളായിരുന്നു.
വാക്കേറ്റത്തിനിടയിൽ പ്രതിയുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ചതാണ് ഇത്ര ക്രൂരമായ മർദ്ദനത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയുന്നത്. സംഭവം കണ്ടു നിന്ന് നാട്ടുകാർ ഇവരെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാനോ പിടിച്ചുമാറ്റാനോ തയ്യാറാകാതിരുന്നതാണ് യുവാവ് കൊല്ലപ്പെടാൻ കാരണമെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു.

ചൊവ്വാഴ്ച രാത്രിയാണ് മരണത്തിനിടയാക്കിയ സംഭവം നടന്നത്. നിസ്സാരപ്രശ്നത്തെ ചൊല്ലി വാക്കേറ്റവും അടിപിടിയും നടന്നപ്പോള്‍ വികാസ് പ്രമോദിനെ അടിച്ചുവീഴ്ത്തി ക്രൂരമായി മര്‍ദിക്കുകയും നാഭിയ്ക്ക് തൊഴിക്കുകയുമായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മര്‍ദനമേറ്റ് ദീര്‍ഘനേരം റോഡില്‍ കിടന്ന പ്രമോദിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പ്രതി അനുവദിച്ചിരുന്നില്ല.

കൂടിനിന്നവര്‍ പലവട്ടം പ്രമോദിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രതി അനുവദിച്ചില്ലെന്നും പറയുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഒടുവില്‍ പോലീസ് എത്തിയാണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. തുടര്‍ന്ന് ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവശേഷം പ്രതി വികാസും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. അവിടെനിന്ന് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

നാണുവിന്റെയും ചന്ദ്രികയുടെയും മകനാണ് മരിച്ച പ്രമോദ്. മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: സോന. മക്കള്‍: സൂര്യ, ദൃശ്യ. മരുമകന്‍: വൈശാഖ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്, അമ്പിളി. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ഇന്ന് വൈകീട്ട് സംസ്‌ക്കാരം നടക്കുമെന്നാണ് അറിയുന്നത്.
