ചെണ്ടമേള മൽസരത്തിൽ കൊരയങ്ങാട് വാദ്യ സംഘം ജേതാക്കളായി

കൊയിലാണ്ടി: പന്നിയങ്കര കിഴക്കെ മുരിങ്ങത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി നടത്തിയ ചെണ്ടമേള മൽസരത്തിൽ കൊരയങ്ങാട് വാദ്യ സംഘം ജേതാക്കളായി. ഗുരുവായൂർ വാദ്യസംഘം രണ്ടാം സ്ഥാനവും, പനങ്ങാട്ടിരി വാദ്യ സംഘം മൂന്നാം സ്ഥാനവും നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ഓളം ടീമുകളാണ് പങ്കെടുത്തത്. എസ്.ജി. ശ്രീഗേഷിന്റെ നേതൃത്വത്തിലുളള മേളത്തോടെയാണ്
കൊരയങ്ങാട് വാദ്യസംഘം പഞ്ചാരിമേളം കൊട്ടി ഒന്നാം സ്ഥാനം നേടിയത്.
സമാപന സമ്മേളനം സദനം വാസുദേവൻ ഉൽഘാടനം ചെയ്തു. ഡോ: എം.കെ. മുനീർ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻ കുട്ടി മുഖ്യാതിഥിയായിരുന്നു. കൗൺസിലർ നിർമ്മല, ജിതിൻ രാജ് തേരോളി, രതീഷ് പാവേരി തുടങ്ങിയവർ സംസാരിച്ചു. സദനം വാസുദേവൻ, കലാമണ്ഡലം രാധാകൃഷ്ണമാരാർ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, മട്ടന്നൂർ ശങ്കരൻ കുട്ടി തുടങ്ങിയവരായിരുന്നു വിധി കർത്താക്കൾ. സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ നിരവധി തവണ കൊരയങ്ങാട് വാദ്യ സംഘത്തിന്റെ വിദ്യാർത്ഥികൾ വിജയികളായിട്ടുണ്ട്. മട്ടന്നൂർ ശങ്കരൻ കുട്ടി വിജയികൾക്ക് ട്രോഫി സമ്മാനിച്ചു.

