KOYILANDY DIARY

The Perfect News Portal

ചെണ്ടമേളത്തിൽ വീണ്ടും പുതു കാൽവെയ്പ്പുമായി കൊരയങ്ങാട് വാദ്യസംഘം

കൊയിലാണ്ടി: വാദ്യ വാദന കലയുടെ ഹൃദയതാളം തൊട്ടറിഞ്ഞ് ചെണ്ടവാദ്യ പരിശീലന രംഗത്ത് മലബാറിന്റെ വേറിട്ട മേള ധ്വനി തീർക്കുകയാണ് കൊയിലാണ്ടി കൊരയങ്ങാട് വാദ്യസംഘം. മേളപ്പെരുമയുടെ രണ്ട് പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ഈ വാദ്യകലാ കൂട്ടായ്മയുടെ വിജയത്തിന് പിന്നിൽ തെളിയുന്നത്. കലയെ നെഞ്ചേറ്റിയ ഒര്പിടി വാദ്യ വിദ്വാന്മാരുടെ അർപ്പണബോധമാണ്. ഏറെ കാലമായി കളിപ്പുരയിൽ രവീന്ദ്രന്റെ മേൽനോട്ടത്തിലാണ് കൊരയങ്ങാട് വാദ്യസംഘത്തിലെ കലാകാരന്മാർ വാദ്യപരിശീലനം നടത്തുന്നത്.
ക്ഷേത്രാങ്കണങ്ങൾക്ക് പുറമെ അക്കാദമിക തലങ്ങളിലെ മത്സരവേദികളിലും കൊട്ടിക്കയറി താള വിസ്മയം തീർത്ത ഒട്ടേറെ കൊച്ചു വാദ്യകലാ പ്രതിഭകൾ ഈ കൂട്ടായ്മയുടെ വാഗ്ദാനങ്ങളായുണ്ട്. കഴിഞ്ഞ പതിനെട്ട് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്കൂളിന് വേണ്ടി കിരീടമണിഞ്ഞ് വരുന്നതും കൊരങ്ങാട് വാദ്യസംഘം വിദ്യാർത്ഥികളാണ്. ക്ഷേത്രാങ്കണത്തിൽ ദുർലഭമായി അരങ്ങേറുന്ന വാദ്യമേളത്തിലെ ഇരട്ട പന്തിമേളം, എന്നിവ വടക്കൻ മേഖലയിലെ ക്ഷേത്ര കൂട്ടായ്മക്കിടയിൽ പരിചയപ്പെടുത്തിയതും കൊരയങ്ങാട്ടെ മുൻ തലമുറക്കാരായ വാദ്യ സംഘമായിരുന്നു.
ഇത്തരമൊരു പുതു കാൽവെയ്പിന്റെ ഭാഗമായി വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്ര നടക്ക് മുന്നിൽ വീണ്ടും  വാദ്യ രംഗത്തെ പുതുനാമ്പുകൾ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിൽ പരിശീലനം പൂർത്തിയാക്കിയ ബാലികമാർ ഉൾപ്പെടെയുള്ള 40 ഓളം കലാകാരന്മാർ ഫിബ്രവരി 2ന് വൈകീട്ട് ക്ഷേത്രത്തിലെ ഗുരുതിമഹോത്സവത്തോടനുബന്ധിച്ച് അരങ്ങേറ്റം കുറിക്കും. സംഘത്തിലെ അഞ്ചാമത്തെ പരിശീലന സംഘമാണ് ഇപ്പോൾ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *