ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നു

കൊയിലാണ്ടി; സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി ചെങ്ങോട്ടുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നു. ചികിത്സ തേടിയെത്തുന്നവർക്ക് മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഇതിന്റെ ഭാഗമായി ലഭ്യമാവുക. ഇരിപ്പിടങ്ങൾ, കുടിവെള്ളം, മറ്റ് പ്രാഥമിക സൗകര്യങ്ങൾ, ആധുനിക രീതിയിലുള്ള ഇന്റീരിയർ വർക്കുകൾ, ലാബ്, മൈനർ ഒ.ടി, ഒ.പി. പരിഷ്കരണം തുടങ്ങിയ എല്ലാ വിധ ഭൗതിക സൗകര്യങ്ങളെയും ആധുനിക രീതിയിൽ മെച്ചപ്പെടുത്തും. ആവശ്യമായ അധിക ജീവനക്കാരെയും ഇതിന്റെ ഭാഗമായി നിയോഗിക്കും. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ സിവിൽ വർക്കുകൾ മാർച്ച് മാസത്തിന് മുന്നോടിയായി തീർക്കും. പദ്ധതിക്കാവശ്യമായ കൂടുതൽ പണം സ്പോൺസർഷിപ്പിലൂടെയും ബഹുജന പങ്കാളിത്തത്തോടെയും സ്വരൂപിക്കും.
ഇതു സംബന്ധിച്ച പ്രാഥമിക യോഗം കെ. ദാസൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ പഞ്ചായത്തിൽ വെച്ച് ചേർന്നു. വിഭവ സമാഹരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും കെ.ഗീതാനന്ദൻ കൺവീനറായും ടി. സാദിഖ് ട്രഷററുമായ കമ്മറ്റിക്ക് രൂപം നൽകി. യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണൻ, ആർദ്രം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.അഖിലേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഗീത കാരോൽ, കെ.ഗീതാനന്ദൻ, വി.കെ.ശശിധരൻ സാദിഖ്, ഡോ. സിന്ധു, ഡോ. ഷബ്ന, മെമ്പർമാർ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.
Attachments area
