KOYILANDY DIARY

The Perfect News Portal

ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ചുനീക്കണം, അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: എം.എല്‍.എപി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ 15 ദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തടയണ പൊളിക്കാന്‍ 15 ദിവസത്തെ സാവകാശം വേണമെന്ന് ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സമയപരിധി നല്‍കിയത്. 15 ദിവസത്തിനകം തടയണ ഉടമകള്‍ പൊളിച്ചുനീക്കിയില്ലെങ്കില്‍ ജില്ലാ കളക്ടറിന് തടയണ പൊളിക്കാമെന്ന് കോടതി അറിയിച്ചു.

10 മാസങ്ങള്‍ക്ക് മുമ്ബാണ് ചീങ്കണ്ണിപാറയിലെ തടയണ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടികളൊന്നും പി.വി. അന്‍വറിന്റെയോ അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെയോ ഭാഗത്തുനിന്നുണ്ടായില്ല. ഇതേതുടര്‍ന്നാണ് ഹര്‍ജിക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഇതേതുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് തടയണ പൊളിക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവിട്ടു. ഇതും അനുസരിക്കാതെ വന്ന സാഹചര്യത്തിലാണ് വീണ്ടും ഈ വിഷയം കോടതിയുടെ പരിഗണനയ്ക്ക് വന്നത്.

വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ കോടതിയില്‍ ഹാജരായ ജില്ലാകളക്ടര്‍ 15 ദിവസം സാവകാശം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച്‌ 15 ദിവസത്തിനുള്ളില്‍ തടയണ പൂര്‍ണമായും പൊളിച്ചുനീക്കണമെന്നും കോടതി ഉത്തരവിട്ടു.

Advertisements

12 മീറ്റര്‍ ഉയരവും ആറുമീറ്ററോളം വീതിയുമുള്ള തടയണയാണ് ചീങ്കണ്ണിപ്പാറയിലേത്. ഉത്തരവനുസരിച്ച്‌ പാര്‍ക്ക് ഉടമകള്‍ തന്നെയാണ് തടയണ പൊളിച്ച്‌ നീക്കേണ്ടത്. അവര്‍ അത് പാലിച്ചില്ലെങ്കില്‍ ജില്ലാകളക്ടര്‍ക്ക് പൊളിച്ചുനീക്കല്‍ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തടയണ പൊളിക്കുന്നതിന് വേണ്ടിവരുന്ന തുക സ്ഥലമുടമയില്‍ നിന്ന് ഈടാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *