ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു

കൊയിലാണ്ടി: ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. മൊത്തം എട്ട് സ്പാ
നുകളാണുണ്ടാവുക. ഇതില്‍ അഞ്ചെണ്ണത്തിന്റെ തൂണ്‍ നിര്‍മാണം പൂര്‍ത്തിയായി. ഓരോ സ്പാനിനിടയിലും രണ്ടുവീതം ഷട്ടറുകള്‍ ഉണ്ടാവും. മൊത്തം 16 ഷട്ടറുകളാണ് ഉണ്ടാവുക.
10 മീറ്ററാണ് പാലത്തിന്റെ വീതി. പുഴയിലെ വെള്ളം താത്കാലിക തടയണയുണ്ടാക്കി കെട്ടി മുട്ടിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തുന്നത്. ഇപ്പോള്‍ തെക്ക് ഭാഗത്താണ് തൂണ്‍ സ്പാന്‍ നിര്‍മാണം നടക്കുന്നത്. അതു കഴിഞ്ഞാല്‍ വടക്കുഭാഗത്ത് പ്രവൃത്തി തുടങ്ങും. മഴക്കാലത്തിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ പുഴയിലെ ഒഴുക്ക് കൂടി നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമാവും.

ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രവൃത്തിക്ക് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 20.18 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ചിറ്റാരിക്കടവില്‍ കടത്തുതോണിക്ക് പകരം ബസ് ഗതാഗതത്തിന് ഉപകരിക്കാവുന്ന പാലം വരും. നിലവില്‍ പാലമില്ലാത്തതിനാല്‍ കടത്തു തോണിയാണ് നാട്ടുകാര്‍ക്ക് ആശ്രയം.

കൊയിലാണ്ടി നഗരസഭ, ഉള്ളിയേരി, നടുവണ്ണൂര്‍, അരിക്കുളം എന്നീ വില്ലേജുകളിലെ 1660 ഹെക്ടറില്‍ കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും ശുദ്ധജല ലഭ്യതയും പദ്ധതി ഉറപ്പുവരുത്തും.

