ചരക്കു സേവന നികുതി ബില്ല് പാസ്സാക്കുന്നതിന് കേന്ദ്രം പിണറായി വിജന്റെ പിന്തുണ തേടും
ദില്ലി: ചരക്കു സേവന നികുതി ബില്ല് പാസ്സാക്കുന്നതിന് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജന്റെ പിന്തുണ തേടും. ബില്‍ കേരളത്തിന് ഗുണകരമാകുമെന്നിരിക്കെ പിണറായിയിലൂടെ രാജ്യസഭയില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
ചരക്കുസേവന നികുതി ബില്‍ പാസ്സാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ കൂടുകയാണ്. മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, നിതീഷ് കുമാറിന്റെ ജെ ഡി യു മായാവതിയുടെ ബി എസ് പി, സമാജ് വാദി പാര്‍ട്ടി, നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍ എന്നിവ ഇതിനോട് സഹകരിക്കുമെന്നാണ് സൂചന. എങ്കിലും കോണ്‍ഗ്രസ് എതിര്‍ത്താല്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് ചെറിയ പാര്‍ട്ടികളുടെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ഉറപ്പാക്കേണ്ടി വരും.

ഈ സാഹചര്യത്തിലാണ് ബില്ലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന് ബില്‍ പാസ്സാകുന്നത് ഗുണകരമാകുമെന്ന് കേന്ദ്ര വിശദീകരിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ പിണറായിക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നല്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയവും ചോദിച്ചിട്ടുണ്ട്. ഇതുവരെ കോണ്‍ഗ്രസിനൊപ്പം നിന്ന് ജി എസ് ടി ബില്ലിനെ എതിര്‍ത്ത് സി പി ഐ എം നയം മാറ്റാന്‍ പിണറായിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലൂടെ കഴിയും എന്ന പ്രതീക്ഷയിലാണ് മുതിര്‍ന്ന കേന്ദ്ര മന്ത്രിമാര്‍.

