ഗ്രാമത്തെ അറിയാൻ കുട്ടികൾക്കായുളള വാതിൽപ്പുറ പഠനയാത്ര

കൊയിലാണ്ടി : അരിക്കുളം ഗ്രാമപഞ്ചായത്തിന്റെയും പന്തലായനി ബി.ആർ.സി യുടെയും നേതൃത്വത്തിൽ നവംബർ 26 ശനിയാഴ്ച രണ്ടാം ക്ലാസിലെ കുട്ടികൾക്കായി വാതിൽപ്പുറ പഠനയാത്ര സംഘടിപ്പിക്കുന്നു. പാഠഭാഗങ്ങളിലെ പഠനകേന്ദ്രങ്ങൾ നേരനുഭവങ്ങളിലൂടെ സ്വായത്തമാക്കുതിനുവേണ്ടിയാണ് ഇത്തരമൊരുയാത്ര പി.ഇ.സി ആസൂത്രണം ചെയ്യുന്നത്.
ജൈവ വൈവിധ്യങ്ങൾ നിറഞ്ഞ വെളിയണ്ണൂർ ചല്ലി, കാർഷിക രംഗത്തെ യന്ത്രവത്കരണത്തിന്റെ നേർക്കാഴ്ച ഒരുക്കുന്ന അഗ്രോബോർഡ്, ഗ്രാമീണ തൊഴിൽ കേന്ദ്രങ്ങളായ നെയ്ത് ശാല, മൺപാത്ര നിർമ്മാണം, പൊതു സഥാപനങ്ങളായ പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പ്രകൃതി രമണീയമായ മുത്താമ്പി പുഴ, ഔഷധ സസ്യങ്ങളുടെ വിരുന്നൊരുക്കുന്ന തറമ്മൽ ആയൂർവേദ ആശുപത്രി എന്നിവ സന്ദർശന സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.
18 അധ്യാപകരും രക്ഷിതാക്കളും പി.ഇ.സി അംഗങ്ങളും അനുഗമിക്കുന്ന പഠനയാത്ര അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സി രാധ ഫ്ളാഗ് ഓഫ് ചെയ്യും. കൊയിലാണ്ടി എ.ഇ.ഒ. ജവഹർ മനോഹർ , ബി.പി.ഒ എം.ജി ബൽരാജ്, ബി.ആർ.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യവും യാത്രയിൽ ഉണ്ടാവും. തുടർന്ന് യാത്രാ വിവരണം, ഗ്രാമകാഴ്ചകളുടെ ചിത്രീകരണം, ഇല ആൽബം, കഥ, കവിത എന്നിങ്ങനെ കുട്ടികളുടെ സൃഷ്ടികൾ ചേർത്ത് ഒരു കൈയ്യെഴുത്ത് പതിപ്പ് ഇറക്കാനും തീരുമാനിച്ചു.

