ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: വാഹനത്തിന്റെ വായ്പ അടക്കുന്നത് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥന് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഏലൂര്‍ ഫെറി റോഡില്‍ ജോസ് വടശ്ശേരിയാണ് (58) മരിച്ചത്. മകന്റെ കാര്‍ ലോണ്‍ എടുത്തതില്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥനാണ് വീട്ടില്‍ എത്തിയത്.
വ്യാഴാഴ്ച്ച രാവിലെ 7.30 ഒടെ എച്ച് ഡി എഫ് സി ബാങ്കിലെ ജീവനക്കാരന് ജോസിന്റെ വീട്ടിലെത്തി മകന്റെ കാറിന് വായ്പയുടെ രണ്ട് മാസ തവണകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതിനിടയില്‍ തര്‍ക്കത്തില്‍ ഇടപെട്ട ജോസ് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ട് ദിവസം മുമ്ബ് രണ്ട് ജീവനക്കാരെത്തി കുടിശ്ശികയുള്ള രണ്ട് മാസത്തെ തുകയായ 6000 അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 30 ന് മുമ്ബ് അടക്കാമെന്ന ഉറപ്പിന്മേല് തിരികെപ്പോയി. വ്യാഴാഴ്ച പണം ഈടാക്കാന്‍ ബാങ്ക് ജീവനക്കാരന് എത്തിയപ്പോഴായിരുന്നു സംഭവം.

ആഗോള പരിസ്ഥിതി സംഘടനായ ഗ്രീന്‍പീസിന്റെ റിവര്‍ കീപ്പറായിരുന്നു ജോസ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ ക്ലാസ്സ് എടുക്കുകയും ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏലൂര്‍ പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിക്കുന്നു.
ആലീസാണ് ഭാര്യ. ജോയല്‍ ,രമ്യ എന്നിവര്‍ മക്കളാണ്. മരുമകന്: കെടിസണ്.

